കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് 15 ദിവസത്തിനകം അറസ്റ്റുണ്ടാകുമെന്ന് കലാഭവന്‍ സോബി. കൊച്ചി സിബിഐ ഓഫിസില്‍ നുണപരിശോധന പൂര്‍ത്തിയായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ഭാഗം സിബിഐയെ ബോധ്യപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്. അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടു പോകുന്നതെന്നാണ് കരുതുന്നതെന്നും തുടര്‍ നടപടികള്‍ വൈകാതെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നുണ പരിശോധനയ്ക്കായി ആദ്യം ഓഫിസില്‍ എത്തിയപ്പോള്‍ സംഘം അല്പം ഗൗരവമായാണ് പെരുമാറിയത്. ആദ്യഘട്ടം പിന്നിട്ട ശേഷം അവര്‍ വളരെ സ്നേഹത്തോടെ പെരുമാറി. പറഞ്ഞത് സത്യമെന്ന് ബോധ്യപ്പെട്ടതുകൊണ്ടാകും ഇതെന്നും അദ്ദേഹം പറഞ്ഞു. ആദ്യം നമ്മുടെ വോയ്സ് റെക്കോര്‍ഡ് ചെയ്ത് കംപ്യൂട്ടറിലിട്ട് പരിശോധിക്കും.
മുക്കാല്‍ മണിക്കൂറിനു ശേഷം വയറിലും നെഞ്ചിലും ഒരു ബെല്‍റ്റ് പോലെ സാധനം കെട്ടിയിട്ട് കയ്യില്‍ പ്രഷര്‍ കിറ്റ് പോലെ ഉപകരണവും ഘടിപ്പിച്ച ശേഷം ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങും. 20 സെക്കന്റിനു ശേഷം അടുത്ത ചോദ്യം ചോദിക്കും. പിന്നെ 20 മിനിറ്റിനു ശേഷം അടുത്ത ചോദ്യം എന്ന നിലയില്‍ ആവര്‍ത്തിക്കും. അതേ ചോദ്യങ്ങള്‍ ഇതേ രീതിയില്‍ മൂന്നു തവണ ചോദിക്കും. അത്രയും സമയം അനങ്ങാതെയിരിക്കണം. ശ്വാസം പിടിച്ചാണ് ഈ സമയമത്രയും ഇരുന്നത്. ചിത്രങ്ങള്‍ കാണിച്ച് ചോദ്യങ്ങള്‍ ചോദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.
ഡല്‍ഹിയില്‍ നിന്നുള്ള ഒരു വനിതയും മദ്രാസില്‍ നിന്നുമുള്ള ഒരാളുമായിരുന്നു നുണപരിശോധന സംഘത്തിലുണ്ടായിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും ആരും തന്റെയടുത്ത് വന്നില്ല. പിന്നീട് കണ്ടപ്പോള്‍ ഡിവൈഎസ്പി ഒക്കെ വളരെ സന്തോഷത്തിലാണ് പെരുമാറിയത്. നല്ല പിന്തുണ അവരില്‍ നിന്നും ഉണ്ടായി. പേരുകള്‍ പുറത്തു പറയണ്ട എന്നു പറഞ്ഞതിനാല്‍ വെളിപ്പെടുത്തുന്നില്ലെന്നും സോബി പറഞ്ഞു.