അടൂര്‍ : അടൂര്‍ നഗരത്തില്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിന് സമീപം രണ്ട് ബസും രണ്ട് കാറും ഒരുബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികന്‍ കൊടുമണ്‍ ഇലംപ്ലാങ്കുഴിയില്‍ പുത്തന്‍വീട്ടില്‍ രാജേഷ് (45)-ന് പരിക്കേറ്റു. ഇദ്ദേഹത്തിന്റെ കാലിലൂടെ ബസിന്റെ മുന്‍ചക്രം കയറിയിറങ്ങി. രാജേഷിനെ അടൂര്‍ ഗവ. ജനറലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പത്തനംതിട്ട-ഏഴംകുളം അടൂര്‍ വഴി ചവറയ്ക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ആദ്യം ബൈക്കില്‍ ഇടിച്ചു. പിന്നീട് മുമ്പില്‍ കിടന്ന ഒരുകാറിന്റെ പുറകില്‍ ചെന്നിടിച്ചു. ഈ കാര്‍ തൊട്ടുമുമ്പിലുള്ള മറ്റൊരു കാറില്‍ ഇടിച്ച് മുമ്പോട്ടുനീങ്ങി. തുടര്‍ന്ന് ഈ കാര്‍ ഏറ്റവും മുമ്പില്‍ കിടന്ന സ്വകാര്യ ബസിന്റെ പിറകില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. അമിത വേഗത്തിലായിരുന്നു ബൈക്കിലിടിച്ച ബസെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 11.30-നായിരുന്നു അപകടം. അടൂരില്‍നിന്നു ഏഴംകുളത്തേക്ക് പോകുകയായിരുന്നു ബൈക്ക്. ബസിന്റെ മുന്‍വശത്തെ ഗ്ലാസും കാറുകളുടെ ഗ്ലാസുകളും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ബസിനിടയില്‍പെട്ട കാര്‍ ഓടിക്കൂടിയവരും പോലീസും ചേര്‍ന്നാണ് റോഡരികിലേക്ക് മാറ്റിയത്.