കടമ്പനാട് :കഴിഞ്ഞദിവസം സ്‌കൂള്‍ കോമ്പൗണ്ടിനുള്ളില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലടിച്ചപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ ഇടപെടാത്തതിനെതുടര്‍ന്ന് ബഹളം പൊതുനിരത്തിലേക്ക് വ്യാപിക്കുകയായിരുന്നത്രെ!. കൈയില്‍ ബിയര്‍ കുപ്പിയുമായി ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനി പൊതു നിരത്തിലൂടെ നീങ്ങുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇത് സംബന്ധിച്ച വാര്‍ത്ത പ്രമുഖ ന്യൂസ്‌പോര്‍ട്ടലായ മറുനാടന്‍മലയാളിയില്‍ വന്നിരുന്നു. ഈ വാര്‍ത്ത വ്യാജമാണെന്ന തരത്തിലാണ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും അദ്ധ്യാപകരുടേയും സോഷ്യല്‍മീഡിയ പ്രചരണം. അടുത്തിടെ സ്‌കൂളിനെ പറ്റി നിരവധി ആരോപണങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇതെല്ലാം ചിലര്‍ കെട്ടിചമച്ചതാണെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം.
പത്തനംതിട്ട-കൊല്ലം ജില്ലകള്‍ അതിര്‍ത്തി പങ്കിടുന്ന കടമ്പനാട് ടൗണില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. തൊട്ടടുത്തായുള്ള സ്‌കൂളുകളിലെ വിദ്യാര്‍ഥിനികളാണ് പൊതുനിരത്തില്‍ തമ്മിലടിച്ചത്. പ്രണയത്തെ ചൊല്ലിയുള്ള ഏറ്റുമുട്ടലാണ് നടന്നതെന്ന് സഹപാഠികള്‍ പറയുന്നു. ഈ സംഭവങ്ങള്‍ അദ്ധ്യാപകര്‍ സോഷ്യല്‍മീഡിയയില്‍ കൂടി ആവര്‍ത്തിച്ച് പറയുന്നുമുണ്ട്. പിന്നെ എന്തിനാണ് ഇവര്‍ വാര്‍ത്ത നല്‍കിയ മാധ്യമങ്ങളെ പ്രതിക്കൂട്ടിലാക്കി പ്രചരണം നടത്തുന്നത്. സ്‌കൂളിലെ കുട്ടികള്‍ നാട്ടുകാര്‍ക്ക് തലവേദനയാകുമ്പോള്‍ കൗമാരക്കാരായ കുട്ടികള്‍ക്ക് നേര്‍വഴി കാട്ടാതെ സ്‌കൂള്‍ അധികൃതരുടേയും പ്രചരണം കഷ്ടം തന്നെ.!
സ്‌കൂള്‍ കൊല്ലം ജില്ലയില്‍ കൊട്ടാരക്കര ഉപജില്ലയുടെ പരിധിയില്‍പ്പെട്ടതാണെങ്കിലും സ്ഥിതി ചെയ്യുന്നത് പത്തനംതിട്ട ജില്ലയിലാണ്. കഴിഞ്ഞ വര്‍ഷം യുവജനോത്സവത്തോട് അനുബന്ധിച്ച് കുട്ടികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ ഇടപെട്ട നാട്ടുകാര്‍ ഒടുവില്‍ കേസില്‍ പ്രതികളായി. കുട്ടികളെ മര്‍ദിച്ചതിന് മൂന്നു പേരെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കലോത്സവത്തിന് പോയ വിദ്യാര്‍ത്ഥി കുളത്തില്‍ വീണ് മരിച്ചതും ഇവിടെയാണ്. ഇവിടെ അഞ്ചു മുതല്‍ 10 വരെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം സ്‌കൂളാണ്. കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളെപറ്റി പോലീസിന്റെ രഹസ്യാന്വേഷണവിഭാഗം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകസംഘം അന്വേഷണമാരംഭിച്ചിട്ടുണ്ട്.
കടമ്പനാട് ജങ്ഷനിലാണ് സ്‌കൂള്‍ കുട്ടികളെ കേന്ദ്രീകരിച്ച് ഏറ്റവും അധികം ലഹരി മരുന്ന് വില്‍പ്പന നടക്കുന്നത്. പൊലീസും എക്സൈസും ചേര്‍ന്ന് ബോധവല്‍ക്കരണ ക്ലാസുകള്‍ നിരന്തരം നടത്തുന്നുണ്ടെങ്കിലും പ്രയോജനം കാണുന്നില്ല. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് സംവിധാനവും ഇവിടെയുണ്ട്.