കടമ്പനാട്: ഒരു മാസമായി നെല്ലിമുകള്‍ ചന്തക്കുള്ളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തില്‍ നിന്നും ദുര്‍ഗന്ധമെന്ന് നാട്ടുകാര്‍. വണ്ടിക്കുള്ളിലെ ഉണക്കമീനാണ് ദുര്‍ഗന്ധത്തിന് കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ചന്തയില്‍ ഉണക്കമീന്‍ വ്യാപാരം ചെയ്തിരുന്ന ഒരു വ്യാപാരിയുടേതാണ് വാഹനമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒരു ദിവസം പെട്ടെന്ന് ഉണക്കമീന്‍ കയറ്റിയ വാഹനം ഉപേക്ഷിച്ച് വ്യാപാരി കടന്നുകളഞ്ഞു. തുടര്‍ന്ന് മഴ കൂടി ചെയ്തതോടെ വെള്ളമിറങ്ങിയതാകാം ദുര്‍ഗന്ധത്തിന് കാരണമെന്നും നാട്ടുകാര്‍ വ്യക്തമാക്കുന്നു.
മീന്‍ വാഹനത്തിനുള്ളില്‍ ഉള്ളതിനാല്‍ വാഹനത്തിനു ചുറ്റും തെരുവു നായകളുടെ കൂട്ടമാണ് എപ്പോഴും. പരിസരമാകെ ദുര്‍ഗന്ധം വമിച്ചതോടെ പല വ്യാപാര സ്ഥാപനങ്ങളിലും ആളുകള്‍ കയറാന്‍ കൂട്ടാക്കുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു. വാഹനത്തിന്റെ വിവരം പഞ്ചായത്തിലും ആരോഗ്യ വിഭാഗത്തിലും നാട്ടുകാര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി വാഹന ഉടമയുമായി ബന്ധപ്പെടാന്‍ നോക്കിയെങ്കിലും ഫോണ്‍ പ്രവര്‍ത്തനരഹിതമായ അവസ്ഥയിലാണ്.