അടൂര്‍:ചിത്രകല പഠിച്ചിട്ടില്ലെങ്കിലും ഇത്തിരിപ്പോന്ന തീപ്പെട്ടിക്കുള്ളില്‍ 12 മണിക്കൂറില്‍ 15 പ്രധാനമന്ത്രിമാരുടെ ചിത്രങ്ങള്‍ വരച്ച് ഇരട്ട റെക്കോര്‍ഡ് നേടിയതിന്റെ തിളക്കത്തിലാണ് ആനന്ദപ്പള്ളി വിളാകത്ത് സോന മെറിന്‍ ബാബു. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡുമാണ് വ്യത്യസ്ത ചിത്രരചനയിലൂടെ ഈ കലാകാരിയെ തേടിയെത്തിയത്.
ജവാഹര്‍ലാല്‍ നെഹ്‌റു, ഗുല്‍സാരിലാല്‍ നന്ദ, ലാല്‍ ബഹാദൂര്‍ ശാസ്ത്രി, മൊറാര്‍ജി ദേശായി, ചരണ്‍സിങ്, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, വിശ്വനാഥ് പ്രതാപ് സിങ്, എസ്. ചന്ദ്രശേഖര്‍, പി.വി. നരസിംഹറാവു, എ.ബി. വാജ്‌പേയി, എച്ച്.ഡി. ദേവെഗൗഡ, ഐ.കെ. ഗുജ്‌റാള്‍, ഡോ.മന്‍മോഹന്‍സിങ്, നരേന്ദ്രമോദി എന്നിവരുടെ ചിത്രങ്ങളാണ് 3.5×5 സെന്റീമീറ്ററിലുള്ള തീപ്പെട്ടിക്കൂടുകള്‍ക്കുള്ളില്‍ (കൊള്ളി സൂക്ഷിക്കുന്ന പെട്ടി) പെന്‍സില്‍ കൊണ്ട് വരച്ചത്. 10-ാം വയസ്സു മുതല്‍ ചിത്രരചനയില്‍ താല്‍പര്യം കാട്ടിയ സോന 9-ാം ക്ലാസില്‍ എത്തിയപ്പോള്‍ കരകൗശല വസ്തുക്കളുടെ നിര്‍മാണത്തിലേക്കു ചുവടു മാറി.
ഡിഗ്രി പഠന കാലത്തു കുപ്പികളില്‍ ചിത്രങ്ങള്‍ വരയ്ക്കാനും കുപ്പികള്‍ കൊണ്ടുള്ള കരകൗശല വസ്തുക്കള്‍ ഉണ്ടാക്കാനും തുടങ്ങി. ഇത്‌വരുമാന മാര്‍ഗമാക്കുന്നതിനിടെയാണ് റെക്കോര്‍ഡ് എന്ന ആശയം കടന്നു വന്നത്. അങ്ങനെയാണു തീപ്പെട്ടിക്കുള്ളില്‍ പ്രധാനമന്ത്രിമാരുടെ ചിത്രങ്ങള്‍ വരച്ചത്. എംഎസ്ഡബ്ല്യു വിദ്യാര്‍ഥിനിയായ ഈ കലാകാരിക്ക് പിന്തുണയുമായി പിതാവ് ബാബു സാമുവല്‍, മാതാവ് സുജ സഖറിയ, സഹോദരി സ്‌നേഹ അഖില്‍ എന്നിവരുണ്ട്.