ആര്‍സിസിയുടെ പടിക്കെട്ടുകള്‍ മകനെയും തോളിലെടുത്ത് ഓടിക്കയറുന്ന സ്ഥാനാര്‍ഥി: അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി എംജി കണ്ണന്റെ ചിത്രം കണ്ണു നനയിക്കുന്ന കാഴ്ചയാകുമ്പോള്‍

അടൂര്‍: മണ്ഡലത്തില്‍ ഊര്‍ജസ്വലതയോടെ വോട്ട് തേടി ചിരിച്ചും കളി പറഞ്ഞും നമുക്ക് മുന്നിലെത്തുന്ന യുഡിഎഫ് സ്ഥാനാര്‍ഥി എംജി കണ്ണന്റെ കരയുന്ന മുഖം ഇന്നലെ ആര്‍സിസിയുടെ പടിക്കെട്ടുകളില്‍ കണ്ടു. രക്താര്‍ബുദം ബാധിച്ച മകനെയും ഒക്കത്തെടുത്ത് പരിശോധനയ്ക്കായി വന്നതായിരുന്നു കണ്ണന്‍. നാലു വര്‍ഷമായി ഈ രോഗത്തിന് ചികില്‍സയിലാണ് കണ്ണന്റെ മൂത്തമകന്‍ ശിവകിരണ്‍(9). മാസങ്ങളുടെ ഇടവേളയില്‍ പരിശോധനയ്ക്ക് പോകണം. ഇത്തവണത്തെ പരിശോധനയ്ക്ക് ഇന്നലെയായിരുന്നു അപ്പോയിന്റ്മെന്റ് കിട്ടിയത്. മിനിഞ്ഞാന്നു രാത്രി വരെ മാതാവ് സജിതമോളും ബന്ധുക്കളും കൂടി കുഞ്ഞിനെയും കൊണ്ടു പോകാന്‍ തീരുമാനിച്ചിരുന്നത്. കണ്ണന്‍ തിരക്ക് പിടിച്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്. ഒരു ദിവസം പോലും മാറി നില്‍ക്കാന്‍ കഴിയാത്ത അവസ്ഥ.

രാത്രി തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ ഏറെ വൈകി കണ്ണന്‍ വീട്ടിലെത്തിയപ്പോഴും ശിവകിരണ്‍ ഉറങ്ങിയിരുന്നില്ല. അവന് നിര്‍ബന്ധം. എപ്പോഴുമെന്നതു പോലെ ഇക്കുറിയും എന്നെ അച്ഛന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടു പോകണം. അച്ഛന്റെ തിരക്കുകള്‍ കണ്ണന്‍ പറഞ്ഞു നോക്കി. അവന്‍ വഴങ്ങുന്നില്ല. ഒടുക്കം മകന്റെ നിര്‍ബന്ധത്തിന് വഴങ്ങി. പ്രചാരണ പരിപാടികള്‍ ഒരു ദിവസത്തേക്ക് ക്യാന്‍സല്‍ ചെയ്തു. മകനെയുമെടുത്ത് കണ്ണന്‍ ആര്‍സിസിയിലേക്ക് പുറപ്പെട്ടു. ആ കാഴ്ചയാണ് ഇന്നലെ ജനങ്ങള്‍ക്ക് നൊമ്പരമായത്.

ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും നടുവില്‍ നിന്ന് മത്സരിക്കാനെത്തിയ കണ്ണന് മകന്‍ ശിവകിരണി(9)ന് ബാധിച്ചിരിക്കുന്ന ബ്ലഡ് കാന്‍സര്‍ രോഗം എന്നുമൊരു വേദനയാണ്.
നാലുവര്‍ഷം മുമ്പാണ് ശിവകിരണിന് രോഗം ബാധിച്ചത്. അന്നുമുതല്‍ ആര്‍സിസിയില്‍ ചികില്‍സയിലാണ്. മാസങ്ങളുടെ കൃത്യമായ ഇടവേളകളില്‍ പരിശോധനയ്ക്ക് എത്തണം. ഇത്തവണ പരിശോധന ഏപ്രില്‍ ഒന്നിനായിരുന്നു. മറ്റു വഴിയില്ല. കണ്ണന്‍ തന്നെ കുഞ്ഞുമായി ഓടിയെത്തി. പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ നിന്ന് വിളിച്ചു കൊണ്ടേയിരുന്നു. മകന്റെ രോഗം മാത്രമല്ല, സ്വന്തം ജീവിതം തന്നെ ദുരിതമയമാണ് കണ്ണന്.

കനല്‍ വഴികളിലൂടെയായിരുന്നു ഇതു വരെയുള്ള യാത്രകള്‍…ഇപ്പോഴും അതിന് മാറ്റമൊന്നുമില്ല. ഓര്‍ക്കുമ്പോള്‍ കണ്ണു നിറഞ്ഞു വരും കണ്ണന്. പട്ടിണിയും ദാരിദ്ര്യവും ദുരിതവും സമ്മാനിച്ച ബാല്യകൗമാരങ്ങള്‍. സൈക്കിള്‍ ചവിട്ടി പത്ര വിതരണം നടത്തിയും കേബിള്‍ ടിവി ടെക്നിഷ്യനായും ഒരു പാട് വേഷം കെട്ടിയാടേണ്ടി വന്നു വളര്‍ന്നു വരാന്‍. കൂലിപ്പണിക്കാരനായ അച്ഛന്‍, തൊഴിലുറപ്പ് ജോലിക്ക് പോകുന്ന അമ്മ. ഇപ്പോഴും ആ പഴയ ജീവിതത്തിന് വലിയ മാറ്റമൊന്നുമില്ല. ജീവിത ദുരിതങ്ങള്‍ താണ്ടി പൊതുപ്രവര്‍ത്തകനായി കണ്ണന്‍. ഒരു തവണ പഞ്ചായത്തംഗവും രണ്ടു തവണ ജില്ലാ പഞ്ചായത്തംഗവുമായി.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എന്ന നിലയില്‍ ഊര്‍ജസ്വലനായി നടക്കുന്ന, ചിരിച്ചു കൊണ്ട് നമ്മോടൊക്കെ സംസാരിക്കുന്ന ഈ ചെറുപ്പക്കാരന് അധികമാരും അറിയാത്ത ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ ഒരു ജീവിതം. ചെറുപ്പത്തിലെ ദുരിതത്തില്‍ നിന്ന് കഷ്ടിച്ച് കരകയറി ജീവിതം കരുപ്പിടിപ്പിക്കുമ്പോഴാണ് മകന്‍ ശിവകിരണിന്(9) രക്താര്‍ബുദം ബാധിക്കുന്നത്. കുഞ്ഞുമായി തിരുവനന്തപുരം ആര്‍സിസിയില്‍ കഴിയുമ്പോഴാണ് കരളലിയിക്കുന്ന നിരവധി കാഴ്ചകള്‍ കണ്ണന്‍ കണ്ടത്. സ്വന്തം മകനെപ്പോലെ രോഗത്തിന്റെ കാഠിന്യത്തില്‍ നീറിപ്പുകയുന്ന ബാല്യങ്ങള്‍. അവരില്‍ ചിലര്‍ക്കെങ്കിലും സാന്ത്വനമാകാന്‍ കണ്ണന്‍ ആഗ്രഹിച്ചു.

അഞ്ചു വര്‍ഷമായി മകന് ചികില്‍സ തുടരുകയാണ്. കിട്ടാവുന്നിടത്ത് നിന്നെല്ലാം കടം വാങ്ങിയാണ് ചികില്‍സ. അതിനിടെ സുമനസുകളെ കണ്ടെത്തി ആര്‍സിസിയില്‍ ചികില്‍സയ്ക്ക് എത്തുന്ന മറ്റു കുഞ്ഞുങ്ങള്‍ക്കും സഹായം നല്‍കാന്‍ കണ്ണന്‍ ശ്രമിച്ചു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം കണ്ണന്റെ യജ്ഞത്തില്‍ പങ്കാളിയായി.
ദുരിതവും ദാരിദ്ര്യവും നിറഞ്ഞ ജീവിതം കണ്‍മുന്നില്‍ നിന്ന് മാഞ്ഞു പോകുന്നില്ല കണ്ണന്. മരംവെട്ടു തൊഴിലാളിയായിരുന്നു അച്ഛന്‍. അമ്മ കൂലിപ്പണിക്കും പോകും. രണ്ടു പേരും സമ്പാദിച്ചു കൊണ്ടു വരുന്നത് കൊണ്ടു വേണം കുടുംബം കഴിയാന്‍. ഇടയ്ക്ക് ദീര്‍ഘനാള്‍ കൂലിപ്പണി കിട്ടാതെ വരും.അപ്പോള്‍ അടുപ്പ് പുകയില്ല. മകനെയും മകളെയും പഠിപ്പിച്ച് വലിയ ജോലിക്കാരാക്കിയാല്‍ കുടുംബം രക്ഷപ്പെടുമെന്ന് ആ അച്ഛനുമമ്മയും സ്വപ്നം കണ്ടു. പക്ഷേ, അവരുടെ കഷ്ടപ്പാടുകള്‍ കണ്ട്, അവരെ സഹായിക്കാന്‍ വേണ്ടി ചെറുപ്പത്തില്‍ തന്നെ കൊച്ചു കൊച്ച് പണികള്‍ തേടി കണ്ണനും പോയി. അങ്ങനെയാണ് പത്ര വിതരണക്കാരനും പിന്നീട് ഏജന്റുമായത്. കേബിള്‍ ടിവി പണിക്ക് പോയതും അതിന്റെ ഭാഗമായിരുന്നു. ഇന്നും മാതാപിതാക്കള്‍ ജോലിക്ക് പോകുന്നുവെന്ന് പറയുമ്പോള്‍ കണ്ണന്റെ കണ്ണ് നിറയുന്നു.

ബിരുദ പഠനത്തിന് ശേഷമാണ് കേബിള്‍ ടിവി ടെക്നീഷ്യനായത്. ഇന്നും പത്ര ഏജന്‍സി തുടരുന്നു. എത്ര തിരക്കുണ്ടായാലും പത്ര വിതരണം കഴിഞ്ഞാണ് പൊതുപ്രവര്‍ത്തനത്തിന് പോലും പോകുന്നത്. പാര്‍ട്ടിക്ക് വേണ്ടിയും തല്ല് ഏറെ കൊണ്ടിട്ടുണ്ട് കണ്ണന്‍. ഇടയ്ക്ക് കോവിഡും പിടിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായി രണ്ടു തവണ ചുമതല വഹിച്ചു. വര്‍ധിത വീര്യവുമായിട്ടായിരുന്നു രണ്ടാം വരവ്. പൊലീസിന്റെ അടി കൊണ്ട് രണ്ടു തവണ തല പിളര്‍ന്നു. ജയില്‍ വാസവും അനുഭവിക്കേണ്ടി വന്നു. പാര്‍ട്ടിക്ക് വേണ്ടി സഹിച്ച ത്യാഗങ്ങളാണ് അടൂരില്‍ കണ്ണനെ മത്സരിപ്പിക്കാന്‍ നേതൃത്വത്തിന് തുണയായത്. തിരുവഞ്ചൂരിന് ശേഷം കൈവിട്ടു പോയ മണ്ഡലം ഇക്കുറി തിരികെ പിടിക്കാന്‍ കണ്ണന് കഴിയുമെന്ന് നേതൃത്വം ഉറച്ചു വിശ്വസിക്കുന്നു. അതു കൊണ്ട് തന്നെ കണ്ണന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രംഗത്തുണ്ട്.

തൊട്ടതിനും പിടിച്ചതിനുമൊക്കെ ചെലവേറിയ ഇക്കാലത്ത് സാമ്പത്തികമായി പിടിച്ചു നില്‍ക്കാന്‍ കണ്ണന്‍ ഏറെ ബുദ്ധിമുട്ടുകയാണ്. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ഫണ്ടും കാര്യമായില്ല. പ്രധാന എതിരാളികള്‍ തെരഞ്ഞെടുപ്പ് പ്രചാരണം കെങ്കേമമാക്കുമ്പോള്‍ അതിനൊപ്പം ചെലവഴിക്കാന്‍ കണ്ണനുള്ള ബുദ്ധിമുട്ട് ഒടുക്കം യൂത്ത് കോണ്‍ഗ്രസുകാര്‍ തിരിച്ചറിഞ്ഞു. കണ്ണനെ സഹായിക്കാന്‍ വേണ്ടി അവര്‍ തന്നെ രംഗത്തിറങ്ങി.

യൂത്ത് കോണ്‍ഗ്രസ് അടൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നമ്മുടെ കണ്ണനൊരു കൈത്താങ്ങ് പ്രവര്‍ത്തനം തുടങ്ങി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടൂരിലെ എല്ലാ ബൂത്തുകളിലും എത്തി കണ്ണന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 10 രൂപ വീതം ശേഖരിക്കുന്നതാണ് പരിപാടി.അടൂര്‍ നിയോജക മണ്ഡലത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈ പ്രവര്‍ത്തനം ഏറ്റെടുത്ത് നടപ്പിലാക്കും.

 

Load More Related Articles
Load More By Editor
Load More In Adoor

Leave a Reply

Your email address will not be published. Required fields are marked *

Check Also

ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…