പള്ളിക്കലില്‍ സുധാ കുറുപ്പിനുണ്ടായ ദുര്‍ഗതി അടൂരില്‍ എംജി കണ്ണന് വരരുതെന്ന് യഥാര്‍ഥ കോണ്‍ഗ്രസുകാര്‍

അടൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പള്ളിക്കല്‍ ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി സുധാകുറുപ്പ് കോണ്‍ഗ്രസ് വിട്ടതെന്തിനായിരുന്നു? കോണ്‍ഗ്രസുകാരോട് ചോദിച്ചാല്‍ അവര്‍ സലിംകുമാറിനെ പോലെ കൈ മലര്‍ത്തി കാണിക്കും. അതിനുള്ള മറുപടി സുധാ കുറുപ്പ് തന്നെ പറയും. പോസ്റ്റര്‍ ഒട്ടിക്കാന്‍ പോലും കോണ്‍ഗ്രസുകാര്‍ ഇറങ്ങിയില്ല. വീടുകള്‍ കയറാനും ബൂത്തു തലത്തില്‍ പ്രവര്‍ത്തിക്കാന്‍ പോലും പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നില്ല.

ഇതേ ഗതി അടൂര്‍ നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി എംജി കണ്ണന് വരരുതെന്ന് കോണ്‍ഗ്രസിനെ സ്നേഹിക്കുന്ന പ്രവര്‍ത്തകരും വോട്ടര്‍മാരും ചൂണ്ടിക്കാണിക്കുന്നു. കോണ്‍ഗ്രസിന്റെ മണ്ഡലം നേതാക്കളും പഞ്ചായത്ത്,നഗരസഭ അംഗങ്ങളും ആള്‍ക്കൂട്ടങ്ങളില്‍ അലിയാന്‍ മാത്രമാണ് ഉള്ളത്. ഉമ്മന്‍ചാണ്ടിയെപ്പോലുള്ള നേതാക്കള്‍ എത്തിയാല്‍ ഇടിച്ചു നില്‍ക്കാന്‍ അവരുണ്ട്. കാരണം, ഞങ്ങള്‍ ‘ഭയങ്കര’ പ്രവര്‍ത്തനമാണ് എന്നു കാണിച്ചു കൊടുക്കണം. ഇവര്‍, യഥാര്‍ഥത്തില്‍ നടത്തുന്നത് പ്രതിപ്രവര്‍ത്തനമാണ്. നേതാക്കളെ തലകാണിച്ചിട്ട് ഇക്കൂട്ടര്‍ മുങ്ങും.

സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ അല്ലറ ചില്ലറ അസ്വാരസ്യങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ കണ്ണന് പിന്നില്‍ യുഡിഎഫ് ഒറ്റക്കെട്ടായി കഴിഞ്ഞു. ഇതോടെയാണ് ചില മേഖലകളില്‍ നേതാക്കള്‍ പിന്നാക്കം വലിഞ്ഞത്. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തീര്‍ത്തും ദുര്‍ബലമായി കഴിഞ്ഞു ഇവിടെ. കൊടുമണ്‍, ഏഴംകുളം, കടമ്പനാട്പഞ്ചായത്തുകള്‍, പളളിക്കല്‍ ബ്ലോക്ക് ഡിവിഷന്‍, ഏനാത്ത് ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ എന്നിവിടങ്ങളിലാണ് ദുര്‍ബലമായ പ്രവര്‍ത്തനം.

20 വര്‍ഷം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വികസന നായകനായിരുന്ന മണ്ഡലമാണ് അടൂര്‍. അതിന് ശേഷമാണ് വികസന മുരടിപ്പ് ഉണ്ടായത്. തുടര്‍ന്ന് മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് തിരുവഞ്ചൂര്‍ അടൂരില്‍ കൊണ്ടു വന്ന വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ തയാറായില്ല. രണ്ടു തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തോല്‍ക്കാന്‍ കാരണമായതും ഇതാണ്. ഇക്കുറി കോണ്‍ഗ്രസിന്റെ പ്രചാരണ വിഷയം തന്നെ വികസന മുരടിപ്പാണ്. തിരുവഞ്ചൂര്‍ കൊണ്ടു വന്ന പദ്ധതികളല്ലാതെ പുതുതായി ഒന്നും നടന്നിട്ടില്ല എന്നുള്ളതും ജനങ്ങളിലേക്ക് എത്തിക്കണം.

ചില മണ്ഡലം പ്രസിഡന്റുമാര്‍ മാത്രമാണ് സജീവമായി രംഗത്തുള്ളത്. പാര്‍ട്ടിയുടെ ലേബലില്‍ വിവിധ സഹകരണ സ്ഥാപനങ്ങളുടെ തലപ്പത്ത് എത്തിയിട്ടുള്ള നേതാക്കള്‍ അടക്കം പ്രചാരണ രംഗത്ത് പിന്നാക്കമാണ്. സാധാരണ പ്രവര്‍ത്തകര്‍ ഈ വിവരം ചൂണ്ടിക്കാട്ടുകയും നേതാക്കളെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന മണ്ഡലം ഇക്കുറി തിരിച്ചു പിടിച്ചേ പറ്റൂവെന്ന വാശിയിലാണ് അവര്‍. നേതാക്കള്‍ കൂടി ഇറങ്ങി ഏകോപിപ്പിച്ചാല്‍ അടൂരില്‍ വിജയം ഉറപ്പാണെന്നാണ് സാധാരണ പ്രവര്‍ത്തകരുടെ വിശ്വാസം.

 

Load More Related Articles
Load More By Editor
Load More In Adoor

Leave a Reply

Your email address will not be published. Required fields are marked *

Check Also

ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…