അറിവിന്റെ ലോകത്തേക്ക് അക്ഷരമെഴുതി മുത്തശ്ശി കുട്ടികള്‍

അടൂര്‍ : അറിയാതെ കടന്നു പോയ ബാല്യം, അറിവ് നേടാനാകാത്ത കൗമാരം , ജീവിക്കാന്‍ പൊരുതിയ യൗവ്വനം, അവഗണന നേടിത്തന്ന വാര്‍ദ്ധക്യം, കഥകള്‍ പറയാനേറെയുണ്ട് മഹാത്മയിലെ വയോജനങ്ങള്‍ക്ക്.

വിജയദശമി ദിനത്തില്‍ മൂന്ന് മുത്തശ്ശിമാരുടെ ആഗ്രഹം സഫലീകരിച്ച് വ്യത്യസ്ഥമാവുകയാണ് അടൂര്‍ മഹാത്മ ജന സേവന കേന്ദ്രം.

അറുപതുകാരിയായ മീനാക്ഷിയമ്മയാണ് ആദ്യം ആ ആഗ്രഹം മഹാത്മയുടെ ചെയര്‍മാന്‍ രാജേഷ് തിരുവല്ലയെ അറിയിച്ചത്. കേട്ടപ്പോള്‍ അത്ഭുതം തോന്നിയെങ്കിലും പിന്നീടതു സന്തോഷമായി.

മീനാക്ഷിയമ്മക്ക് അക്ഷരം പഠിക്കണം. മീനാക്ഷിയമ്മ ആശാന്‍ കളരിയോ,പള്ളിക്കൂടമോ കണ്ടിട്ടില്ല. വീട് കോന്നി ആനക്കൂടിന് സമീപം എവിടെയോ ആയിരുന്നു. രണ്ട് സഹോദരങ്ങള്‍ ഉണ്ടായിരുന്നതായാണ് ഓര്‍മ്മ. അച്ഛന്റെയും അമ്മയുടെയും പേര് മാത്രമാണ് അറിയാവുന്നത് .
പൊടിയനും, ലക്ഷ്മിയും , ആരെങ്കിലും അവിടെയുണ്ടോയെന്നറിയില്ല.

കൊടും ദാരിദ്ര്യമുള്ള കാലത്ത് പട്ടിണി കിടന്ന് ചാകണ്ടായെന്ന് പറഞ്ഞ് അച്ഛനും അമ്മയും ചേര്‍ന്ന് പൂക്കോടുള്ള ഒരു വീട്ടില്‍ കൊണ്ടെത്തിച്ചതാണെന്നറിയാം. അന്ന് എത്ര വയസ്സെന്ന് പോലും അറിയില്ല. ആ വീട്ടില്‍ ഒരു വേലക്കാരിയായി എത്ര കാലം കഴിഞ്ഞെന്നുമോര്‍മ്മയില്ല. വളര്‍ത്തമ്മ മരിച്ചതോടെ കൂടെ വളര്‍ന്നവര്‍ കുത്തിനോവിച്ചു തുടങ്ങി. ഉണങ്ങാത്തൊരു മുറിവ് വൃണമായി പൊട്ടിയൊഴുകിയപ്പോള്‍ ചികിത്സ പോലും നല്കാതെ അവര്‍ പുറത്താക്കി.

പോകാനിടമില്ലാതെ കടതിണ്ണകളില്‍ ഇടം തേടിയപ്പോഴാണ് ഇലന്തൂരിലെ പഞ്ചായത്ത് മെമ്പര്‍ ഗീതയുടെ സഹായത്താല്‍ മഹാത്മയിലെത്തപ്പെട്ടത് . ഇപ്പോള്‍ ഇവിടെ എത്തിയിട്ട് ഏഴ് വര്‍ഷമാകുന്നു. മീനാക്ഷിയുടെ ആഗ്രഹം കേട്ട് നിന്നപ്പോഴാണ് പ്രതീക്ഷയോടെ മറ്റ് രണ്ട് പേര്‍ കൂടി എത്തിയത്.

തുമ്പമണ്‍ സ്വദേശിനി (75) ,മണ്ണടി സ്വദേശിനി ഭാരതിയമ്മ (86) എന്നിവരായിരുന്നു അത്. ഭര്‍ത്താവ് മരണപ്പെടുകയും, സംരക്ഷിക്കാന്‍ മക്കളില്ലാത്തതുമായ സാഹചര്യത്തില്‍ എത്തിയ കല്യാണിയമ്മയും, അവിവാഹിതയായതിനാല്‍ വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെട്ട ഭാരതിയമ്മയും അക്ഷരമെഴുതാത്തവരാണ്. പഠിച്ചാല്‍ പത്രമെങ്കിലും വായിക്കാമായിരുന്നുവെന്ന ഇവരുടെ ആഗ്രത്തിന് മുമ്പില്‍ മഹാത്മ ജനസേവന കേന്ദ്രത്തില്‍ ഇരുളകറ്റുന്ന അറിവിന്റെ അരങ്ങൊരുങ്ങി.

കഥയറിഞ്ഞപ്പോള്‍ തിരക്കുകള്‍ക്ക് അവധി നല്കി കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും ആശാട്ടിയാകാന്‍ ഓടിയെത്തിയത് പ്രമുഖ ചലചിത്ര നടിയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ സീമാ ജി നായരും. അഭ്രപാളികളിലെ താര തിളക്കം കൈപിടിച്ചെഴുതിച്ചപ്പോള്‍ ഉള്ളില്‍ അറിവ് നിറയുന്നതിനൊപ്പം അവരുടെ കണ്ണുകളും നിറഞ്ഞു.

അക്ഷരമെഴുതിയ മുത്തശ്ശി വിദ്യാര്‍ത്ഥിനികള്‍ക്ക് മഹാത്മ ജനസേവന കേന്ദ്രം സെക്രട്ടറി പ്രീഷില്‍ഡ മാതൃസ്ഥാനീയയായി നിന്ന് മധുരവും പുതുവസ്ത്രങ്ങളും നല്കി.

Load More Related Articles
Load More By Editor
Load More In Adoor

Leave a Reply

Your email address will not be published. Required fields are marked *

Check Also

ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…