അടൂര്‍: കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ വിരല്‍ കതകിന്റെ സാക്ഷയില്‍ കുടുങ്ങി. ഇളക്കിയെടുത്ത സാക്ഷയുമായി ഫയര്‍ സ്റ്റേഷനില്‍ എത്തിച്ച് മുറിച്ചു നീക്കി. ഏഴംകുളം ദേവി വിഹാറില്‍ വര്‍ഷാ വിശ്വനാഥിന്റെ മകള്‍ ഗായത്രിയുടെ (ഏഴ് ) വിരലാണ് വീട്ടിലെ കതകിന്റെ സാക്ഷയില്‍ കുടുങ്ങിയത്.
വിരല്‍ ഊരി എടുക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും കഴിയാഞ്ഞതിനെ തുടര്‍ന്ന് അയല്‍വാസികളുടെ സഹായം തേടി. അവര്‍ക്കും അതിന് കഴിയാതെ വന്നപ്പോള്‍ കതകില്‍ നിന്നും സാക്ഷ ഇളക്കിയെടുത്തു. കുട്ടിയുമായി രാത്രി 11 മണിയോടെ അടൂര്‍ അഗ്നിശമന സേനാ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ജോസിന്റെ നേതൃത്വത്തില്‍ അഗ്നിരക്ഷാ സേനാംഗങ്ങള്‍ കട്ടര്‍, ഷിയേഴ്സ് എന്നിവയുടെ സഹായത്തോടെ കുട്ടിയുടെ വിരല്‍ സാക്ഷയില്‍ നിന്നും വേര്‍പെടുത്തി എടുത്തു.