കണ്ടെയ്‌നര്‍ ലോറി തട്ടിയെടുത്ത് 15 കോടി രൂപ വിലവരുന്ന ‘റെഡ്മി’ മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു

സേലം: കണ്ടെയ്‌നര്‍ ലോറി തട്ടിയെടുത്ത് 15 കോടി രൂപ വിലവരുന്ന മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു. ചെന്നൈയില്‍നിന്ന് മുംബൈയിലേക്ക് റെഡ്മി മൊബൈല്‍ ഫോണുകളുമായി പോയ ലോറിയാണ് കൊള്ളയടിച്ചത്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിക്ക് സമീപം ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. തട്ടിയെടുത്ത ലോറി പിന്നീട് മറ്റൊരു സ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തു.

ചെന്നൈയിലെ റെഡ്മി പ്ലാന്റില്‍നിന്ന് മുംബൈയിലേക്ക് മൊബൈല്‍ ഫോണുകളുമായി പോവുകയായിരുന്നു ലോറി. ഏകദേശം 14500 മൊബൈല്‍ ഫോണുകളാണ് കണ്ടെയ്‌നറിലുണ്ടായിരുന്നത്. ഡ്രൈവര്‍ക്ക് പുറമേ ക്ലീനറും ലോറിയിലുണ്ടായിരുന്നു.
ചെന്നൈ-ബെംഗളൂരു ഹൈവേയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സിനിമാസ്‌റ്റൈല്‍ കവര്‍ച്ച നടന്നത്. ഒരു കാര്‍ ലോറിക്ക് കുറുകെ നിര്‍ത്തിയിട്ടായിരുന്നു കവര്‍ച്ച. കാര്‍ മുന്നില്‍വന്നതോടെ ലോറി റോഡില്‍ നിര്‍ത്തി. തുടര്‍ന്ന് കാറിലുണ്ടായിരുന്നവര്‍ ലോറിയില്‍ കയറി ഡ്രൈവറെയും ക്ലീനറെയും ആക്രമിച്ചു. ഇരുവരെയും കെട്ടിയിട്ട് റോഡരികില്‍ തള്ളി. പിന്നാലെ കവര്‍ച്ചാസംഘം ലോറിയുമായി കടന്നുകളയുകയായിരുന്നു.

സംഭവസ്ഥലത്ത് നിന്ന് 15 കിലോമീറ്റര്‍ മാറിയാണ് പിന്നീട് ലോറി കണ്ടെടുത്തത്. എന്നാല്‍ കണ്ടെയ്‌നറിലെ മുഴുവന്‍ ഫോണുകളും മോഷ്ടാക്കള്‍ കവര്‍ന്നിരുന്നു. ലോറി ഇവിടെനിര്‍ത്തിയിട്ട് മൊബൈല്‍ ഫോണുകള്‍ മറ്റൊരു ലോറിയിലേക്ക് മാറ്റിയ ശേഷം കവര്‍ച്ചാസംഘം രക്ഷപ്പെട്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. പ്രതികളെ പിടികൂടാനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. 17 അന്വേഷണ സംഘങ്ങളെ രൂപവത്കരിച്ചിട്ടുണ്ടെന്നും പ്രതികളെക്കുറിച്ച് ഇതുവരെ സൂചനയില്ലെന്നും സേലം റെയ്ഞ്ച് ഡി.ഐ.ജി. പ്രദീപ് കുമാര്‍ പറഞ്ഞു.

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലഡാക്കില്‍ 56 വര്‍ഷം മുന്‍പുണ്ടായ വിമാന അപകടം: കാണാതായവരില്‍ രണ്ടു മലയാളികള്‍ കൂടി

പത്തനംതിട്ട: 56 വര്‍ഷം മുന്‍പ് ഇന്ത്യന്‍ എയര്‍ ഫോഴ്സ് വിമാനം ലഡാക്കില്‍ തകര്‍ന്നു വീണ് കാണ…