ചെങ്ങന്നൂര്‍: കുടുംബവീട്ടില്‍ അമ്മൂമ്മയ്ക്കൊപ്പം താമസിച്ചിരുന്ന പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഒളിവില്‍പ്പോയ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷണം, അടിപിടി അടക്കം മുന്‍പും നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള തിരുവന്‍വണ്ടൂര്‍ കൊച്ചുതറയില്‍ വിഷ്ണുവി(19)നെയാണ് തിരുവല്ല ഓതറയിലെ ഒളിസങ്കേതത്തില്‍ നിന്ന് ചെങ്ങന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കടുത്ത വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ കാണിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്.
കുടുംബവീട്ടില്‍ ഒറ്റയ്ക്ക് കഴിയുന്ന അമ്മൂമ്മയ്ക്ക് കൂട്ടു കിടക്കാന്‍ പെണ്‍കുട്ടി എത്തുക പതിവായിരുന്നു. കുട്ടിയുമായി അടുപ്പം ഉണ്ടാക്കിയ വിഷ്ണു വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയായിരുന്നു. വിഷ്ണുവിന്റെ ക്രിമിനല്‍ പശ്ചാത്തലം പെണ്‍കുട്ടിയ്ക്ക് അറിവില്ലായിരുന്നുവെന്നാണ് സൂചന. രാത്രികാലങ്ങളില്‍ പെണ്‍കുട്ടിയുടെ കുടുംബ വീട്ടിലെത്തിയും ആളില്ലാത്തപ്പോള്‍ തന്റെ വീട്ടിലേക്ക് കൊണ്ടു വന്നുമായിരുന്നു പീഡനം. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നും വീട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അറിഞ്ഞ് വിഷ്ണു ഒളിവില്‍ പോവുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.