പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ട്രഷറികളില്‍ സ്ഥിര നിക്ഷേപം വര്‍ധിക്കുന്നു. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും ദേശസാല്‍കൃത ബാങ്കുകളിലും നിന്ന് നിക്ഷേപകര്‍ നിക്ഷേപം പിന്‍വലിച്ച് ട്രഷറിയില്‍ കൊണ്ടിടുന്നത് വര്‍ധിച്ചുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ട്രഷറിയില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നിരക്കാണുള്ളത്. ഭാഗികമായി പിന്‍വലിക്കുകയും ചെയ്യാം. ഈ വിവരം കൂടുതലായി ജനങ്ങളിലേക്ക് എത്തിയതോടെയാണ് നിക്ഷേപകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് വന്നിരിക്കുന്നതെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ പ്രസാദ് മാത്യു പറഞ്ഞു.
പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ നടത്തിയ കോടികളുടെ തട്ടിപ്പും നിക്ഷേപകര്‍ക്ക് ഒരു പാഠമായി. 12 ശതമാനം പലിശ വാഗ്ദാനം ചെയ്താണ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ നിക്ഷേപം സ്വീകരിച്ചിരുന്നത്. സഹകരണ സ്ഥാപനങ്ങള്‍ എട്ടു ശതമാനം വരെയും ദേശസാല്‍കൃത ബാങ്കുകള്‍ 5.55 മുതല്‍ 6.45 ശതമാനം വരെയും പലിശയാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നത്. ആര്‍.ബി.ഐയുടെ നിര്‍ദേശ പ്രകാരം സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്ക് സ്ഥിരനിക്ഷേപം സ്വീകരിക്കാന്‍ കഴിയില്ല. ഈ പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയാണ് പോപ്പുലര്‍ ഉടമകള്‍ എല്‍.എല്‍.പി(ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ്)യും നിധി ലിമിറ്റഡും കൊണ്ടു വന്നത്. ഷെയര്‍ സര്‍ട്ടിഫിക്കറ്റുകളായിട്ടാണ് ഇവര്‍ നിക്ഷേപം സ്വീകരിച്ചിരുന്നത്. അതാണ് നിക്ഷേപകര്‍ക്ക് വിനയായതും. ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ ഷിപ്പില്‍ ഷെയറിന്റെ ലാഭവും നഷ്ടവും നിക്ഷേപകര്‍ സഹിക്കണമെന്നതാണ് വ്യവസ്ഥ. പോപ്പുലര്‍ പൊട്ടിയതോടെയാണ് ഇത്തരം നിക്ഷേപങ്ങളിലെ നൂലാമാലകള്‍ നിക്ഷേപകര്‍ തിരിച്ചറിഞ്ഞത്.
ഇതോടെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും നിന്ന് നിക്ഷേപം പലരും ട്രഷറിയിലേക്ക് മാറ്റുകയായിരുന്നു.
ആകര്‍ഷകമായ പലിശ നിരക്കാണ് ട്രഷറിയില്‍ ഉള്ളത്. 366 ദിവസം മുതല്‍ 8.5 ശതമാനമാണ് പലിശ നല്‍കുന്നത്. ഒരു വര്‍ഷം വരെ എട്ടുശതമാനം ലഭിക്കും. 46 മുതല്‍ 90 ദിവസം വരെ 6.50, 91 മുതല്‍ 180 ദിവസം വരെ 7.25, 181 മുതല്‍ 365 വരെ എട്ട് എന്നിങ്ങനെയാണ് പലിശ നിരക്ക്. 365 ദിവസം മുതല്‍ 10 വര്‍ഷം വരെയാണ് 8.5 ശതമാനം നല്‍കുന്നത്.
ഈ പലിശ നിരക്ക് ഇതു വരെ ജനങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും ഇപ്പോഴാണ് ഇതേക്കുറിച്ച് അന്വേഷിച്ച് വരുന്നതെന്നും ട്രഷറി ഓഫീസര്‍ പറഞ്ഞു. ജില്ലാ ട്രഷറിയിലും 10 സബ് ട്രഷറികളിലും നിക്ഷേപകരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പും ഇതിനൊരു കാരണമാകാമെന്നും അദ്ദേഹം പറഞ്ഞു. എസ്.ബി അക്കൗണ്ടുള്ളവര്‍ക്ക് ഏതു ചെക്കും മാറിയെടുക്കാം. ട്രഷറി അക്കൗണ്ടില്‍ ഇന്റര്‍നെറ്റ് മണി ട്രാന്‍സ്ഫര്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥിര നിക്ഷേപങ്ങള്‍ ഭാഗികമായി പിന്‍വലിക്കാമെന്നതും ഈ സംവിധാനത്തിന്റെ പ്രത്യേകതയാണ്.