പത്തനംതിട്ട: പ്രസവ വേദന അധികരിച്ച് യുവതിയെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് പരാതി. നവജാതശിശു മരിച്ചു. സെന്റ് ലൂക്ക് ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയാണ് സംഭവം. ആശുപത്രിക്കെതിരേ ബന്ധുക്കള്‍ പരാതി നല്‍കി. റാന്നി തോട്ടമണ്‍ സ്വദേശിയായ മോനിഷ(21)യുടെ കുട്ടിയാണ് മരിച്ചത്. ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന മോനിഷയ്ക്ക് ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് വേദന അധികരിച്ചത്. ഉടന്‍ തന്നെ ലേബര്‍ റൂമില്‍ പ്രവേശിപ്പിക്കപ്പെട്ട മോനിഷ പ്രസവിച്ചു. അല്‍പ സമയത്തിന് ശേഷം കുട്ടി മരിച്ചുവെന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ബന്ധുക്കള്‍ ബഹളം വച്ചതോടെ പോലീസില്‍ വിവരം അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസ് എടുത്തു.
മൃതദേഹം കോവിഡ് പരിശോധനയ്ക്ക് ശേഷം വ്യാഴാഴ്ച കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടംനടത്തും. അതേ സമയം, മോനിഷയെ ഡോക്ടര്‍മാര്‍ കൃത്യസമയത്ത് നോക്കാതിരുന്നതാണ് കുട്ടി മരിക്കാന്‍ ഇടയാക്കിയതെന്ന് ബന്ധുക്കള്‍ പറയുന്നു. ലേബര്‍ റൂമില്‍ കയറ്റി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഡോക്ടര്‍മാര്‍ നോക്കാന്‍ വന്നത് എന്നാണ് പരാതി. ഈ വിവരം ആശുപത്രി അധികൃതര്‍ നിഷേധിക്കുന്നുമുണ്ട്.