സ്വപ്നാ സുരേഷിന് തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കില്‍ 38 കോടി രൂപയുടെ നിക്ഷേപം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന് തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കില്‍ 38 കോടി രൂപയുടെ നിക്ഷേപമുള്ളതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടെത്തി. ഇവിടെ സ്വപ്നയുടെ പേരില്‍ ലോക്കറുമുണ്ട്. മറ്റൊരു പ്രതിയായ സന്ദീപിനും ഇതേ ബാങ്കില്‍ അക്കൗണ്ടുണ്ട്.

യു.എ.ഇ. കോണ്‍സുലേറ്റിന്റെ അക്കൗണ്ടില്‍നിന്നാണ് സ്വപ്നയുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയത്. ഇതിനുപുറമേ മറ്റുചില അക്കൗണ്ടില്‍നിന്നും നേരിട്ട് പണമായും നിക്ഷേപം നടത്തിയിട്ടുണ്ടെന്നും കണ്ടെത്തി. എന്നാല്‍, ലോക്കര്‍ തുറന്ന് പരിശോധിച്ചിട്ടില്ല.

യു.എ.ഇ. കോണ്‍സുലേറ്റിന്റെ അക്കൗണ്ടും ഇതേ ബാങ്കിലാണ്. ഒരാള്‍ക്ക് പണമായി പിന്‍വലിക്കാവുന്ന പരിധിയില്‍ക്കവിഞ്ഞ തുക സ്വപ്ന ബാങ്കില്‍നിന്ന് പിന്‍വലിച്ചിട്ടുണ്ട്. ഇതിന് ബാങ്ക് മാനേജര്‍ എതിര്‍പ്പറിയിച്ചപ്പോള്‍ അക്കൗണ്ടുകള്‍ മറ്റൊരു ബാങ്കിലേക്കു മാറ്റുമെന്ന ഭീഷണിമുഴക്കിയാണ് സമ്മതിപ്പിച്ചത്. ഇക്കാര്യം ബാങ്ക് മാനേജര്‍ ഇ.ഡി.യോടു സമ്മതിച്ചിട്ടുണ്ട്.

കോടികളുടെ ഇടപാട് നടക്കുന്ന അക്കൗണ്ടാണ് കോണ്‍സുലേറ്റിന്റേത്. ഇത് നഷ്ടപ്പെടുമെന്നതുകൊണ്ടാണ് സ്വപ്നയുടെ ഭീഷണിക്ക് മാനേജര്‍ വഴങ്ങിയതെന്നാണു വിവരം. േകാണ്‍സുലേറ്റിന്റെ രണ്ട് അക്കൗണ്ടുകളും സ്വപ്ന കൈകാര്യം ചെയ്തിരുന്നു. ഇതിലൊന്നില്‍നിന്നാണ് സ്വന്തം അക്കൗണ്ടിലേക്കു പണം മാറ്റിയത്.

കോണ്‍സുലേറ്റിന്റെയും സന്ദീപ്, സ്വപ്ന എന്നിവരുടെയും അക്കൗണ്ട് വിവരങ്ങള്‍ ഇ.ഡി. ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നുതവണ ബാങ്ക് മാനേജരെ ചോദ്യംചെയ്തു. കോണ്‍സുലേറ്റിന്റെ അക്കൗണ്ടിലെ ഇടപാടുകളിലാണ് പ്രധാനമായും ഇ.ഡി.ക്കു സംശയമുള്ളത്.

സ്വപ്നയ്‌ക്കൊപ്പം ബാങ്കിലെത്താറുള്ളവരെക്കുറിച്ചുള്ള വിവരം ഉദ്യോഗസ്ഥര്‍ തേടിയിട്ടുണ്ട്. ഇതു നല്‍കാന്‍ മാനേജര്‍ക്കു കഴിഞ്ഞിട്ടില്ല. ബാങ്കിലെ പഴയ സി.സി.ടി.വി. ദൃശ്യങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചേക്കും. കോണ്‍സുലേറ്റിന്റെ അക്കൗണ്ട് സ്വപ്ന കൈകാര്യം ചെയ്തത് അവരുടെ അറിവോടെയും സമ്മതത്തോടെയുമാണെന്നാണ് ബാങ്കിന്റെ വിശദീകരണം. ഇക്കാര്യത്തില്‍ ബാങ്കിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് അവര്‍ ഇ.ഡി.യെ അറിയിച്ചത്.

തിരുവനന്തപുരത്തുതന്നെയുള്ള മറ്റൊരു സ്വകാര്യബാങ്കിലും ചില സഹകരണബാങ്കിലും സ്വപ്നയ്ക്ക് നിക്ഷേപമുണ്ടെന്ന വിവരവും ഇ.ഡി.ക്കു ലഭിച്ചിട്ടുണ്ട്. ഈ സ്വകാര്യബാങ്കിന്റെ വിവിധശാഖകളിലായി ആറ് അക്കൗണ്ടുകളും ഒരു ലോക്കറും സ്വപ്നയ്ക്കുണ്ടെന്നാണു സംശയിക്കുന്നത്. ഇവിടെയും സന്ദീപിന് അക്കൗണ്ടുണ്ട്. ഇതിലെല്ലാം നിക്ഷേപവുമുണ്ട്. ഇതേക്കുറിച്ചും പരിശോധിക്കുന്നുണ്ട്. ഈ ബാങ്കിലെ മാനേജരെയും ഉടന്‍ ചോദ്യംചെയ്‌തേക്കും.

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

തേഞ്ഞു തീര്‍ന്ന ടയറുമായി ടൂറിസ്റ്റ് ബസിന്റെ മരണപ്പാച്ചില്‍: കടമ്പനാട് കല്ലുകുഴിയില്‍ ടനിയന്ത്രണം വിട്ട് മറിഞ്ഞു: നാല്‍പ്പതോളം പേര്‍ക്ക് പരുക്ക്

അടൂര്‍: ദേശീയ പാതയില്‍ കടമ്പനാട് കല്ലുകുഴി ജങ്ഷന് സമീപം ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മ…