
പത്തനംതിട്ട :രണ്ടായിരത്തോളം ജനങ്ങള്‍ ജില്ലയിലെ പല താലൂക്കുകളിലായി സജ്ജീകരിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നതിനാലും, നിരവധി പാതകളിലും റോഡുകളിലും വെള്ളക്കെട്ട് നിലനില്‍ക്കുന്നതിനാലും നാളെ (ജൂലൈ 7 ) പത്തനംതിട്ട ജില്ലയിലെ അംഗന്‍വാടി മുതല്‍ പ്രൊഫഷണല്‍ കോളജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അവധി പ്രഖ്യാപിച്ചു. മുന്‍നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.
ജില്ലയിലെ മണിമല, പമ്പ, അച്ചന്‍കോവില്‍ നദികളിലെ ജലനിരപ്പ് കുറയുന്ന പ്രവണത കാട്ടി തുടങ്ങിയിട്ടുണ്ട്. നാളെ അധിക മഴ ലഭ്യതയുടെ സൂചനകള്‍ ഇല്ല എന്നത് ആശ്വാസകരമാണ്. തൊട്ടപ്പള്ളിയിലെ ഷട്ടറുകള്‍ തുറന്നിട്ടുമുണ്ട്. ഇതെല്ലം കണക്കിലെടുക്കുമ്പോള്‍ വെള്ളക്കെട്ടിന്റെ രൂക്ഷത ഏറെ താമസിയാതെ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും ജില്ലാ കളക്ടര്‍ അറിയിച്ചു.