അടൂര്‍: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അടൂര്‍-ശാസ്താംകോട്ട സംസ്ഥാന പാതയില്‍ താഴത്തുമണ്‍ ജങ്ഷന് സമീപമുള്ള കൊടുംവളവില്‍ ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. പത്തനംതിട്ട കുലശേഖരപതി സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ള ബി.എം.ഡബ്ല്യൂ കാറിനാണ് തീ പിടിച്ചത്.
കരുനാഗപ്പള്ളിയിലെ ബന്ധു വീട്ടില്‍ പോയി തിരികെ മടങ്ങുമ്പോഴാണ് സംഭവം. മൂന്നു പേരാണ് കാറിലുണ്ടായിരുന്നത്. പിന്നാലെ എത്തിയ ബൈക്ക് യാത്രികര്‍ കാറിന്റെ പിന്നില്‍ തീ കണ്ട് തടഞ്ഞു നിര്‍ത്തി വിവരം അറിയിക്കുകയായിരുന്നു. യാത്രക്കാര്‍ പുറത്തിറങ്ങിയതിന് പിന്നാലെ തീ ആളിപ്പടര്‍ന്ന് കാര്‍ പൂര്‍ണമായി കത്തി നശിച്ചു. അടൂരില്‍ നിന്നും രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി തീയണച്ചെങ്കിലും കാര്‍ പൂര്‍ണമായും അഗ്‌നിക്ക് ഇരയായി.