കടമ്പനാട്: പുതുതായി തുടങ്ങിയ ബാര്‍ നാട്ടുകാര്‍ക്ക് തലവേദന. ബാര്‍ സ്ഥിതി ചെയ്യുന്നത് കുന്നത്തൂര്‍ പഞ്ചായത്തില്‍. കുടിയന്മാര്‍ കാലുറയ്ക്കാതെ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ മുഴുവന്‍ സഹിക്കേണ്ടി വരുന്നത് കടമ്പനാട്ടുകാരും. ബാറില്‍ നിന്ന് കുടിച്ച് ലക്കുകെട്ട് വരുന്നവര്‍ പ്രധാന പാതയില്‍ അഴിഞ്ഞാടുകയാണ്. ഗതാഗതം മുടക്കുന്ന തരത്തില്‍ തമ്മില്‍ തല്ലും അസഭ്യ വര്‍ഷവും പതിവാകുന്നു.
കുന്നത്തൂര്‍ പഞ്ചായത്തില്‍ തുടങ്ങിയ ബാറില്‍ നിന്നുള്ള ആനുകൂല്യങ്ങളും മാസപ്പടിയും അവിടെയുള്ളവര്‍ക്ക് ലഭിക്കുമ്പോള്‍ കുടിയന്മാരും അസഭ്യ വര്‍ഷവും കടമ്പനാടിന് സ്വന്തമാണ്. ഇവിടെ ബാര്‍ വരുന്നത് അപകടമാകുമെന്ന് മുന്‍കൂട്ടി കണ്ട് പരിസരവാസികള്‍ തടസവാദം ഉന്നയിച്ചിരുന്നു. എന്നാല്‍, ഇടതു സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി ബാര്‍ അനുവദിക്കുകയായിരുന്നു. ബാര്‍ തുറന്നതിന് പിന്നാലെ കടമ്പനാട്ടുകാര്‍ ഇതിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുകയാണ്.
ബാറിനെതിരേ കടുത്ത എതിര്‍പ്പാണ് ഇവിടെ ഉയരുന്നത്. മദ്യപരെ കൊണ്ടുള്ള ശല്യം സഹിക്കാതെ വരുമ്പോള്‍ ബാറിനെതിരേ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. ഏനാത്ത്, ശാസ്താംകോട്ട പൊലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തിയിലാണ് ബാര്‍ വന്നിരിക്കുന്നത്. ബാര്‍ നില്‍ക്കുന്നത് ശാസ്താം കോട്ട സ്റ്റേഷന്‍ പരിധിയിലാണ്. അതിനാല്‍ ബാറിനുള്ളില്‍ നടക്കുന്ന വിഷയങ്ങള്‍ക്ക് മാത്രമേ അവര്‍ക്ക് ഇടപെടാന്‍ കഴിയൂ. അതിനുള്ള പടി അവിടെ കൊടുക്കുന്നുവെന്നും പറയുന്നു.
ഏനാത്ത് പൊലീസ് സ്ഥലത്ത് വന്നാലും കാഴ്ചക്കാരായി മടങ്ങിപ്പോവുകയും ചെയ്യുന്നു. ഉദ്ഘാടന ദിവസം സൗജന്യമായി മദ്യം കൊടുത്ത് മദ്യപരെ ഇവിടേക്ക് ആകര്‍ഷിച്ചിരുന്നു. പിറ്റേന്ന് മുതല്‍ ആള്‍ക്കാര്‍ ഇവിടെ ധാരാളം എത്തുകയും ചെയ്യുന്നു.