ഒപ്പം താമസിക്കുന്ന അമ്മയ്ക്കും മകള്‍ക്കും സ്വന്തം വീടും പറമ്പും എഴുതിക്കൊടുത്തു

അടൂര്‍: സ്വന്തം വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന നിര്‍ധന കുടുംബത്തിലെ അമ്മയ്ക്കും മകള്‍ക്കും ഏഴു സെന്റ് സ്ഥലവും വീടും ഇഷ്ടദാനം ചെയ്ത് ഉറവ വറ്റാത്ത സ്നേഹത്തിന്റെ പര്യായമായി മാറിയിരിക്കുകയാണ് മണ്ണടി മുഖമുറി ചൂരക്കാട് വീട്ടില്‍ ചന്ദ്രമതിയമ്മ(77).

അവിവാഹിതയായ ചന്ദ്രമതിയുടെ വീട്ടില്‍ 14 വര്‍ഷം മുന്‍പ് വാടകയ്ക്ക് താമസിക്കാനെത്തിയ മണ്ണടി പടിഞ്ഞാറേകുന്നത്തേത്ത് സരസ്വതിഅമ്മാള്‍, മകള്‍ പൊന്നു എന്നിവരാണ് ഈ മുത്തശിയുടെ കാരുണ്യത്തിന് പാത്രമാകുന്നത്. 500 രൂപ വാടകയ്ക്ക് ചന്ദ്രമതിക്കൊപ്പം താമസിക്കാന്‍ വരുമ്പോള്‍ സരസ്വതിയുടെ ഭര്‍ത്താവ് എറണാകുളം സ്വദേശി ജോസഫുമുണ്ടായിരുന്നു. പക്ഷാഘാതം പിടിപെട്ട് കിടപ്പിലായ ജോസഫ് പൊന്നു പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ മരിച്ചു.

ചന്ദ്രമതിയമ്മയ്ക്ക് പൊന്നുവിനെ ജീവനായിരുന്നു. കരാര്‍ തൊഴിലാളിയായ ജോസഫിന്റെ സ്നേഹവും സാമ്പത്തിക ബുദ്ധിമുട്ടും മനസിലാക്കിയ ചന്ദ്രമതിയമ്മ വാടക വാങ്ങുന്നത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍ത്തിയിരുന്നു. 2015 ലാണ് ജോസഫ് തളര്‍ന്നു വീഴുന്നത്. സഹായത്തിന് ആരോരുമില്ലാതെ പറക്കമുറ്റാത്ത പെണ്‍കുഞ്ഞിനെ കൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാതെ തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന സരസ്വതി അമ്മാളും ചന്ദ്രമതിയും പകച്ചു നിന്നു പോയി.

ഏഴാം ക്ലാസിലായിരുന്ന പൊന്നുവിനെ ബുദ്ധിമുട്ട് അറിയിക്കാതെ അവര്‍ പഠിപ്പിച്ചു. 2018 ജനുവരി 18 നാണ് ജോസഫ് മരിച്ചത്. പ്രായമായ മകളെയും കൊണ്ട് ഏത് നിമിഷവും തെരുവിലേക്ക് ഇറങ്ങേണ്ടി വരുമെന്ന് ഓര്‍ത്ത് പിന്നീട് സരസ്വതിയമ്മാള്‍ ഉറങ്ങിയിട്ടില്ല. ഇവരെ എന്തിന് ഇനിയും ഇവിടെ താമസിപ്പിച്ചിരിക്കുന്നത് ഇറക്കി വിട്ടൂടെ എന്ന് നാട്ടുകാരില്‍ ചിലരുടെ ചോദ്യം ചന്ദ്രമതിയമ്മ മുഖവിലയ്ക്കെടുക്കാതെ ചിരിച്ചു തള്ളി. പ്ലസ്ടുവിന് ഉന്നത വിജയം നേടി ഉപരിപഠനത്തിന് കാത്തിരിക്കുന്ന പൊന്നുവിനേയും അമ്മയേയും നാട്ടുകാരെയും ഞെട്ടിച്ചു കൊണ്ടാണ് ചന്ദ്രമതിയമ്മ കുടുംബസ്വത്തായി കിട്ടിയ തന്റെ ഏഴു സെന്റും വീടും സകല സ്വത്തുക്കളും കഴിഞ്ഞ ദിവസം പൊന്നുവിന്റെ പേരില്‍ പ്രമാണം രജിസ്റ്റര്‍ ചെയ്തു കൊടുത്തത്.

തന്റെ കണ്ണ് അടയും മുമ്പേ പൊന്നുവിനെ പഠിപ്പിച്ച് നല്ല നിലയില്‍ എത്തിക്കണമെന്നാണ് ഇപ്പോള്‍ ചന്ദ്രമതിയുടെ ഏക ആഗ്രഹം. അത് സാധിച്ചുകൊടുക്കുമെന്ന് വാശിയിലാണ് പൊന്നുവും.
ഏഴു സെന്റ് സ്ഥലവും വീടും ഒപ്പം താമസിക്കുന്നവര്‍ക്ക് ഇഷ്ടദാനമായി നല്‍കിയ ചന്ദ്രമതിയമ്മയെ സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും സംഘടനയായ എംഫര്‍ട്ട് മണ്ണടിയുടെ നേതൃത്വത്തില്‍ ആദരിച്ചു. സെക്രട്ടറി അവിനാഷ് പള്ളീനഴികത്ത്, പ്രസിഡന്റ് ശോഭാമണി, ട്രഷറര്‍ അരുണ്‍ കുമാര്‍, ഉപദേശക സമിതി അംഗം എ.ആര്‍ എ.ആര്‍ മോഹന്‍കുമാര്‍, രാമചന്ദ്രന്‍പിള്ള ,കെ.ബി ഋഷാദ് എന്നിവര്‍ സംബന്ധിച്ചു.

 

Load More Related Articles
Load More By Editor
Load More In Kadampanad

Leave a Reply

Your email address will not be published. Required fields are marked *

Check Also

ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…