മണ്ണടി: ഭക്തി തണല്‍ തീര്‍ത്ത അന്തരീക്ഷത്തില്‍ മണ്ണടി ദേവീ ക്ഷേത്രത്തില്‍ നടന്ന തിരുമുടി എഴുന്നള്ളത്ത് ഭക്തര്‍ക്ക് ദര്‍ശന പുണ്യമായി. വൈകിട്ട് അഞ്ചരയോടെ മുടിപ്പുര ക്ഷേത്രത്തില്‍ നിന്നും പഴയ കാവ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് ആരംഭിച്ചു.
വാദ്യമേളങ്ങള്‍, കൊടി, കുട, തീവെട്ടി , ആലവട്ടം, വെണ്‍ ചാമരം, കത്തിച്ച ചൂട്ട് കറ്റ എന്നിവ എഴുന്നള്ളത്തിന് അകമ്പടിയായി. മണ്ണടി ഭഗവതിയുടെ തിരുമുടി സൂക്ഷിച്ചിരിക്കുന്ന മുടിപ്പുരയില്‍ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് മണ്ണടി ക്ഷേത്രത്തിലെ ആല്‍ത്തറയില്‍ മുടി എത്തിച്ചേര്‍ന്നത്.
ആല്‍ത്തറയില്‍ എത്തിയ ദേവി അനുഗ്രഹവര്‍ഷം ചൊരിഞ്ഞു. ഈ സമയം
ക്ഷേത്രത്തിനകത്ത് പാട്ടമ്പലത്തില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ തയാറാക്കുന്ന നിവേദ്യം ഒരുക്കിയിരുന്നു. ഉണക്കലരി, കൊത്തച്ചക്ക, പൊട്ടു വാഴക്കുല, ശര്‍ക്കര, നാളീകേരം എന്നിവ കൊണ്ടാണ് നിവേദ്യം തയാറാക്കിയത്. പാട്ടമ്പലത്തില്‍ വലിയ കളം എഴുതുന്ന സ്ഥലത്തെ ദേവിയുടെ തൃക്കണ്ണ് വരുന്ന ഭാഗത്താണ് അടുപ്പ് കൂട്ടുന്നത്. അര്‍ധരാത്രിയോടെ ദാരിക നിഗ്രഹാചാര ചടങ്ങുകള്‍ ആരംഭിച്ചു.
കിഴക്ക് ആല്‍ത്തറയില്‍ നിന്നും എഴുന്നള്ളിയ ദേവി വേതാളക്കല്ലില്‍ താളം ചവിട്ടി. ശക്തിസ്വരൂപിണിയായ ദേവി ഭൂതഗണങ്ങളുടെ അകമ്പടിയോടെ പേച്ച് കളത്തില്‍ എഴുന്നള്ളി എത്തി ദാരിക നിഗ്രഹം നടത്തി. ദേവിയുടെ രൗദ്രഭാവത്തിന് ശാന്തത വരുത്താന്‍ ബലിക്കുടയും നടന്നു. ഭൂതഗണങ്ങള്‍ക്ക് വഴിയൂട്ട് നടത്തിയ ശേഷം ദേശാതിര്‍ത്തിയിലൂടെ സഞ്ചരിച്ച് മണ്ണടി നിലമേല്‍ എത്തിച്ചേര്‍ന്നു. പിന്നീട് തിരുമുടി മണ്ണടി മുടിപ്പുര ക്ഷേത്രത്തില്‍ എത്തിയതോടെ ചടങ്ങുകള്‍ക്ക് സമാപനമായി.