പത്തനംതിട്ട: ഇന്‍ഡേന്‍ ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യണമെങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈലില്‍ നിന്ന് വിളിക്കുകയോ എസ്എംഎസ്, വാട്സാപ്പ് സന്ദേശങ്ങള്‍ അയയ്ക്കുകയോ ചെയ്യണം. രാജ്യമൊട്ടാകെ സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ ഒറ്റ നമ്പര്‍ എന്ന സംവിധാനം ഇന്‍ഡേനില്‍ നിലവില്‍ വന്നത് നവംബര്‍ ഒന്നു മുതലായിരുന്നു. തൊട്ടുപിന്നാലെ ഈ നമ്പര്‍ കിട്ടുന്നില്ലെന്ന പരാതി വ്യാപകമായി ഉയര്‍ന്നു. ഏജന്‍സികള്‍ക്ക് മുന്നില്‍ ഉപയോക്താക്കള്‍ തടിച്ചു കൂടുകയും ചെയ്തു. വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഇതു സംബന്ധിച്ച് വിശദീകരണം വന്നിട്ടുള്ളത്.
ഇന്‍ഡേനുമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പരില്‍ നിന്ന് വിളിച്ചെങ്കില്‍ മാത്രമേ ബുക്കിനുള്ള കാള്‍ കണക്ട് ചെയ്യപ്പെടുകയുള്ളു. എസ്എംഎസിനും ഇതു തന്നെയാണ് അവസ്ഥ. 771 895 5555 എന്ന നമ്പരിലേക്ക് രജിസ്ട്രേഡ് മൊബൈലില്‍ നിന്ന് വിളിക്കുകയോ REFILL എന്ന് എസ്എംഎസ് അയയ്ക്കുകയോ ചെയ്യാം. 758 888 824 എന്ന നമ്പരിലേക്ക് രജിസ്ട്രേഡ് മൊബൈലില്‍ നിന്ന് REFILL എന്ന് വാട്സാപ്പ് ചെയ്താലും സിലിണ്ടര്‍ ബുക്ക് ചെയ്യാം. 845 495 5555 എന്ന നമ്പരിലേക്ക് മിസ്ഡ് കോള്‍ ചെയ്തുള്ള ബുക്കിങും സാധ്യമാണ്. ഓര്‍ക്കുക: ഏതില്‍ നിന്ന് കിട്ടണമെങ്കിലും രജിസ്ട്രേഡ് മൊബൈലില്‍ നിന്ന് തന്നെ വിളിക്കണം.