
ചരിത്രം തിരുത്തി കേരളം തുടര്‍ഭരണത്തിലേക്ക്. ഇത്തവണയും പതിവ് തെറ്റിക്കാതെ ഇടത്തേക്ക് ചാഞ്ഞു തന്നെയാണ് തെക്കന്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍. കഴിഞ്ഞ തവണ കൈവിട്ട സീറ്റുകള്‍ തിരിച്ചു പിടിക്കുന്നതിനൊപ്പം കേരളത്തില്‍ വിരിഞ്ഞ താമരയേയും പിഴുത് കളഞ്ഞു നേമത്തെ വോട്ടര്‍മാര്‍.
കൊല്ലത്ത് കരുനാഗപ്പള്ളിയിലും കുണ്ടറയിലും യുഡിഎഫ് അപ്രതീക്ഷിത വിജയം നേടിയപ്പോള്‍ പത്തനംതിട്ടയില്‍ ഇടതുപക്ഷം എല്ലാ സീറ്റുകളും പിടിച്ചു. ആലപ്പുഴയില്‍ പതിവുപോലെ രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് മാത്രമാണ് യുഡിഎഫിന് ലഭിച്ചത്.
അടൂരിലും പതിയെ പതിയെ ലീഡുയര്‍ത്തിയായിരുന്നു എല്‍.ഡി.എഫിന്റെ പട്ടാഭിഷേകം. ഒടുവില്‍ സി.പി.ഐയുടെ ചിറ്റയം ഗോപകുമാര്‍ അവിടെ ഹാട്രിക് വിജയം നേടി.