തിരുവല്ല: മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷനും ആഗോള സഭാ ഐക്യ പ്രസ്ഥാനങ്ങളിലെ ഭാരതത്തിന്റെ ശബ്ദവുമായിരുന്ന ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത (89) കാലം ചെയ്തു. ഇന്നു പുലര്‍ച്ച 2.38ന് ആയിരുന്നു അന്ത്യം. ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത, തോമസ് മാര്‍ തിമോത്തിയോസ്, സഭാ സെക്രട്ടറി റവ. കെ.ജി.ജോസഫ് എന്നിവര്‍ മരണസമയത്ത് അടുത്തുണ്ടായിരുന്നു. 13 വര്‍ഷമായി മാര്‍ത്തോമ്മാ സഭയുടെ മെത്രാപ്പൊലീത്തയാണ്. കബറടക്കം പിന്നീട്.
പാന്‍ക്രിയാസ് കാന്‍സറിനെ തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളായ മെത്രാപ്പൊലീത്ത ഏതാനും ദിവസങ്ങളായി തിരുവല്ല ബിലീവേഴ്‌സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഒരാഴ്ചയായി ആരോഗ്യ സ്ഥിതി തീര്‍ത്തും മോശമായിരുന്നു. മെത്രാപ്പൊലീത്തയുടെ ആവശ്യപ്രകാരം കഴിഞ്ഞ തിങ്കളാഴ്ച തൈലാഭിഷേക ശുശ്രൂഷ നടന്നിരുന്നു.
കോഴഞ്ചേരി, മാരാമണ്‍, ആലുവ യുസി കോളജ്, ബെംഗളൂരു യുടി കോളജ്, വിര്‍ജീനിയ സെമിനാരി വൈക്ലിഫ് ഓക്‌സ്‌ഫോഡ്, സെന്റ് അഗസ്റ്റിന്‍ കാന്റര്‍ബറി എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം വിര്‍ജീനിയ സെമിനാരി, സെറാംപുര്‍ സര്‍വകലാശാല, അലഹാബാദ് കാര്‍ഷിക സര്‍വകലാശാല എന്നിവിടങ്ങളില്‍നിന്നു ഡോക്ടറേറ്റ് നേടി. മാരാമണ്‍ മാര്‍ത്തോമ്മാ ഇടവകയില്‍ അംഗമായ ഡോ. ജോസഫ് മാര്‍ത്തോമ്മാ 1957 ജൂണ്‍ 29 നാണ് ശെമ്മാശനായത്. 1957 ഒക്ടോബര്‍ 18ന് കശീശയും 1975 ജനുവരി 11 നു റമ്പാനുമായി. 1975 ഫെബ്രുവരി എട്ടിന് ഈശോമാര്‍ തിമോത്തിയോസിനൊപ്പം എപ്പിസ്‌കോപ്പയായി. 1999 മാര്‍ച്ച് 15 നു സഫ്രഗനും 2007 ഒക്ടോബര്‍ രണ്ടിനു മെത്രാപ്പൊലീത്തയുമായി.
റാന്നി, കോഴിക്കോട്, കുണ്ടറ, മദ്രാസ് ഇടവകകളിലെ വികാരി, സുവിശേഷ സംഘം സഞ്ചാര സെക്രട്ടറി, കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്, നാഷനല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ, ക്രിസ്ത്യന്‍ കോണ്‍ഫറന്‍സ് ഓഫ് ഏഷ്യ, ഏഷ്യന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സ്, വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്, ക്രിസ്ത്യന്‍ ഏജന്‍സി ഫോര്‍ സോഷ്യല്‍ ആക്ഷന്‍ സിഎസ്‌ഐ- സിഎന്‍ഐ- മാര്‍ത്തോമ്മാ സഭ ഐക്യസമിതി, മാര്‍ത്തോമ്മാ-യാക്കോബായ ഡയലോഗ് എന്നിവയിലെ നേതൃത്വം തുടങ്ങിയ ചുമതലകള്‍ വഹിച്ചു. തിരുവനന്തപുരം ഹോസ്പിറ്റല്‍ ആന്‍ഡ് ഗൈഡന്‍സ് സെന്റര്‍, തിരുവനന്തപുരം മാര്‍ത്തോമ്മാ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ആയൂര്‍ മാര്‍ത്തോമ്മാ കോളജ് ഓഫ് ടെക്‌നോളജി, ജൂബിലി മന്ദിരം കൊട്ടാരക്കര, അഞ്ചല്‍ ഐടിസി തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങള്‍ക്കു തുടക്കമിട്ടു.