തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവിഹിതം തിരികെപ്പിടിക്കുമെന്ന തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട്. ചൊവ്വാഴ്ച ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ മൂന്ന് ഉപാധികള്‍ മന്ത്രി തോമസ് ഐസക് മുന്നോട്ടുെവച്ചു. ജീവനക്കാരുമായി ചര്‍ച്ചചെയ്ത് ബുധനാഴ്ച വൈകുന്നേരത്തോടെ തീരുമാനം രേഖാമൂലം അറിയിക്കാന്‍ സംഘടനാനേതാക്കളോട് ആവശ്യപ്പെട്ടു.
സാലറി കട്ട് തുടരുന്നതിനൊപ്പം ഇതുവരെ ജീവനക്കാരില്‍നിന്ന് ആറുദിവസത്തെ വീതം അഞ്ചുമാസം ഈടാക്കിയ ശമ്പളം ധനകാര്യ സ്ഥാപനങ്ങള്‍ വഴി വായ്പയായി മടക്കി നല്‍കാമെന്നായിരുന്നു ഒരു നിര്‍ദേശം. ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് ധനകാര്യ സ്ഥാപനങ്ങള്‍ പണം നല്‍കും.
കുറഞ്ഞവരുമാനക്കാരെ ഒഴിവാക്കുക, ഓണം അഡ്വാന്‍സിന്റെ അടവ് കാലാവധി നീട്ടുക, പി. എഫ്. വായ്പ എടുത്തവര്‍ക്ക് തിരിച്ചടവിന് സാവകാശം നല്‍കുക തുടങ്ങി ജീവനക്കാര്‍ ആവശ്യപ്പെട്ട ഇളവുകള്‍ അംഗീകരിച്ചുകൊണ്ട് സാലറി കട്ട് എന്നതായിരുന്നു രണ്ടാമത്തെ നിര്‍ദേശം.
ആറുദിവസത്തെ വേതനമെന്നത് മൂന്നുദിവസത്തെ ശമ്പളം എന്നനിലയില്‍ അടുത്ത മാര്‍ച്ചുവരെ പിടിക്കുക എന്നതായിരുന്നു മൂന്നാമത്തെ നിര്‍ദേശം.