തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തേയാകാന്‍ സാധ്യത. ഏപ്രിലില്‍ത്തന്നെ തിരഞ്ഞെടുപ്പ് നടന്നേക്കും. സി.ബി.എസ്.സി., ഐ.സി.എസ്.സി. പരീക്ഷാക്കാലത്തിനുമുമ്പു വോട്ടെടുപ്പ് പൂര്‍ത്തിയാക്കാനാണ് ആലോചന.
മേയ് രണ്ടാംവാരത്തോടെ രണ്ടുഘട്ടമായി തിരഞ്ഞെടുപ്പു നടത്താനാണ് ആദ്യം ആലോചിച്ചത്. ഇതിനുശേഷമാണു സി.ബി.എസ്.ഇ. പരീക്ഷാത്തീയതികള്‍ പ്രഖ്യാപിച്ചത്. മേയ് നാലുമുതല്‍ ജൂണ്‍ പത്തുവരെയാണ് പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷ. ഈ സാഹചര്യത്തില്‍ അതിനുമുമ്പു തിരഞ്ഞെടുപ്പ് നടത്തേണ്ടിവരും. മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുമുണ്ട്. അതിനാല്‍ ഏപ്രിലില്‍ തിരഞ്ഞെടുപ്പ് നടക്കാനാണ് കൂടുതല്‍ സാധ്യത. ഇത് കണക്കുകൂട്ടിയുള്ള ഒരുക്കങ്ങളിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍.
2016-ല്‍ മേയ് 16-നാണ് വോട്ടെടുപ്പ് നടന്നത്. 19-ന് വോട്ടെണ്ണി. 25-ന് മന്ത്രിസഭ അധികാരമേറ്റു. ഇത്തവണ കേരളത്തിലെ സാഹചര്യവും തിരഞ്ഞെടുപ്പിന് അനുയോജ്യമായ സമയവും അടുത്തയാഴ്ചയെത്തുന്ന കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതിനിധികള്‍ ചര്‍ച്ചചെയ്യും. രണ്ടുഘട്ടമായി തിരഞ്ഞെടുപ്പ് നടത്തുന്നതാവും സൗകര്യമെന്നാണ് കമ്മിഷന്റെ വിലയിരുത്തല്‍.