തിരുവനന്തപുരം: കോവിഡ് കാലത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ 72.67 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. അന്തിമ കണക്കില്‍ നേരിയ വ്യത്യാസമുണ്ടായേക്കാം. മഹാമാരിയുടെ പശ്ചാത്തലത്തിലും മികച്ച പോളിങ്ങുണ്ടായതു ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തെയാണു കാണിക്കുന്നതെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു പോളിങ് കുറഞ്ഞെങ്കിലും കോവിഡ് കാലത്ത് 72% കടന്നത് അനുകൂല ഘടകമാണെന്നു മൂന്നു മുന്നണികളും അവകാശപ്പെടുന്നു.
തിരുവനന്തപുരം 69.76%, കൊല്ലം 73.41%, പത്തനംതിട്ട 69.70%, ആലപ്പുഴ 77.23%, ഇടുക്കി 74.56% എന്നിങ്ങനെയാണു ജില്ല തിരിച്ചുള്ള വോട്ടിങ് ശതമാനം. തിരുവനന്തപുരം കോര്‍പറേഷനില്‍ 59.73 ശതമാനവും കൊല്ലം കോര്‍പറേഷനില്‍ 66.06 ശതമാനവും പോളിങ് രേഖപ്പെടുത്തി. രണ്ടാംഘട്ടത്തിലെ ജില്ലകളില്‍ 10നും മൂന്നാംഘട്ടത്തിലെ ജില്ലകളില്‍ 14നുമാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 16ന്. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ രണ്ടു ഘട്ടങ്ങളിലായി 78.33% പേര്‍ വോട്ടു ചെയ്ത് റെക്കോര്‍ഡിട്ടിരുന്നു. ആദ്യഘട്ടത്തില്‍ 77.83%, രണ്ടാംഘട്ടത്തില്‍ 78.83%. എന്നാല്‍ ഇപ്പോഴിത് 72.67% ആയി കുറഞ്ഞു. പോളിങ് പൊതുവെ സമാധാനപരമായിരുന്നു.
റാന്നിയില്‍ വോട്ടു ചെയ്തിറങ്ങിയ തൊണ്ണൂറുകാരനും ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ വോട്ടു ചെയ്യാനെത്തിയ അറുപത്തിയെട്ടുകാരനും കുഴഞ്ഞുവീണു മരിച്ചു. മത്തായി, ബാലന്‍ എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി എസ്.ഫ്രാന്‍സിസ് കോവിഡ് ബാധിച്ചു മരിച്ചു. കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചുവെന്ന പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം കോര്‍പറേഷനിലെ പാളയം വാര്‍ഡിലെ ബൂത്തില്‍ നാസര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.