ആലത്തൂര്‍: രമ്യാ ഹരിദാസ് എംപിക്കെതിരെ വധഭീഷണി മുഴക്കിയെന്ന പരാതിയില്‍ ആലത്തൂര്‍ പഞ്ചായത്ത് മുന്‍ അധ്യക്ഷനും പഞ്ചായത്ത് അംഗത്തിനുമെതിരെ പൊലീസ് കേസെടുത്തു. എംപിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മുന്‍ അധ്യക്ഷനും സിപിഎം നേതാവുമായ എം.എ. നാസര്‍, പഞ്ചായത്ത് അംഗം നജീബ് എന്നിവര്‍ക്കെതിരെ ആലത്തൂര്‍ പൊലീസാണു കേസെടുത്തത്. ഇന്നലെ വൈകിട്ടു മൂന്നോടെ ആലത്തൂര്‍ പൊലീസ് സ്റ്റേഷനു സമീപമായിരുന്നു സംഭവം.
ടൗണിലുളള തന്റെ ഓഫിസിലേക്കു പോകുകയായിരുന്നു എംപി.വഴിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്ന ഹരിതകര്‍മ സേനാംഗങ്ങള്‍ക്കുസമീപം വാഹനം നിര്‍ത്തി അവരുടെ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തെക്കുറിച്ച് അന്വേഷിച്ചു മടങ്ങുമ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നാണു പരാതി.
കാറില്‍ കയറാന്‍ തുടങ്ങുമ്പോള്‍ പഞ്ചായത്ത് അംഗം നജീബ്, ‘പട്ടി ഷോ നിര്‍ത്താറായില്ലേ’ എന്നു ചോദിച്ച് പരിഹസിച്ചെന്നും തങ്ങളുടെ സ്ഥലത്തെ കാര്യം തങ്ങള്‍ നോക്കിക്കൊളാമെന്നും എംപി ഇടപെടേണ്ട കാര്യമില്ലെന്നും പറഞ്ഞ് ആക്ഷേപിച്ചെന്നും പരാതിയിലുണ്ട്.
ഇതിനിടെ സ്ഥലത്തെത്തിയ പഞ്ചായത്ത് മുന്‍ അധ്യക്ഷന്‍ ‘ഇനി ഇവിടെ കാലു കുത്തിയാല്‍ കയ്യും കാലും വെട്ടുമെന്ന്’ എംപിയെ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. തുടര്‍ന്നു നടപടി ആവശ്യപ്പെട്ട് എംപി റോഡില്‍ കുത്തിയിരുന്നു. ആലത്തൂര്‍ പൊലീസ് സ്ഥലത്തെത്തി. സഞ്ചാര സ്വാതന്ത്ര്യവും പ്രവര്‍ത്തനവും തടസ്സപ്പെടുത്തുകയും പൊതുജനമധ്യത്തില്‍ അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെതിരെയും തുടര്‍ സംരക്ഷണം ആവശ്യപ്പെട്ടുമാണ് എംപി പരാതി നല്‍കിയത്. എംപിയോടൊപ്പം കെപിസിസി അംഗം പാളയം പ്രദീപുമുണ്ടായിരുന്നു.
രമ്യ ഹരിദാസ് എംപിയെ അപമാനിച്ചിട്ടില്ലെന്നും ജനപ്രതിനിധി എന്ന നിലയില്‍ നജീബിനോടും മാന്യമായി പെരുമാറണമെന്ന് ആവശ്യപ്പെടുകയാണുണ്ടായതെന്നും നാസര്‍ പറഞ്ഞു. വധഭീഷണി മുഴക്കിയെന്ന ആരോപണം ഇരുവരും നിഷേധിച്ചു. രമ്യാ ഹരിദാസ് എംപിയെ വഴിയില്‍ തടഞ്ഞു ഭീഷണിപ്പെടുത്തിയതില്‍ പ്രതിപക്ഷ നേതാവ് വി. ഡി.സതീശന്‍ പ്രതിഷേധിച്ചു.