പന്തളം: ആഹാ അവളു ചത്തോ? കാമുകനൊപ്പം നാടുവിട്ടോടുന്നതിനിടയില്‍ ബൈക്ക് അപകടത്തില്‍ മരിച്ച തിരുവനന്തപുരം പൊഴിയൂര്‍ കുളത്തൂര്‍ പുളിമൂട് വിളയില്‍ വീട്ടില്‍ സുമിത്ര (28) മരിച്ചുവെന്ന വിവരം ഭര്‍ത്താവ് പ്രവീണിനെ അറിയിച്ചപ്പോള്‍ ആദ്യം ഉണ്ടായ പ്രതികരണം ഇങ്ങനെയായിരുന്നുവത്രേ. മൃതദേഹം തനിക്ക് കാണേണ്ടെന്നും താന്‍ ഏറ്റു വാങ്ങില്ലെന്നും ഭര്‍ത്താവ് പ്രവീണ്‍ പൊലീസിനോട് പറഞ്ഞുവെന്നാണ് വിവരം. സുമിത്രയുടെ ബന്ധുക്കളുടെ ഭാഗത്തു നിന്നും അനുകൂല പ്രതികരണം ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
ഭര്‍ത്താവ് പ്രവീണുമായി പിണങ്ങി കഴിയുകയായിരുന്നു സുമിത്ര. ബന്ധം പിരിയുന്നതിനായി ഇവര്‍ തമ്മില്‍ കുടുംബ കോടതിയില്‍ കേസും നടന്നു വരികയാണ്. കുട്ടി പ്രവീണിനൊപ്പമാണ് കഴിയുന്നത്. തിരുവനന്തപുരം നെടുമങ്ങാട് തൊളിക്കോട് എന്‍ എം മന്‍സിലില്‍ അന്‍സില്‍ (24 ) ആണ് അപകടം നടക്കുമ്പോള്‍ സുമിത്രയ്ക്കൊപ്പം ഉണ്ടായിരുന്നത്. സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട ഇരുവരും കറങ്ങാന്‍ പോകുന്ന വഴിയാണ് അപകടം.
എംസി റോഡില്‍ കുളനട മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്ക് സമീപമുള്ള വളവില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് അപകടം നടന്നത്. സുമിത്രയും അന്‍സിലും സഞ്ചരിച്ചിരുന്ന ബൈക്ക് വളവില്‍ വച്ച് റോഡില്‍ തെന്നി മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ സുമിത്രയുടെ മുകളിലൂടെ ചെങ്ങന്നൂര്‍ ഭാഗത്ത് നിന്നും വന്ന കൊറിയര്‍ വണ്ടി കയറി ഇറങ്ങി. ഉടന്‍ തന്നെ മരണവും സംഭവിച്ചു. അന്‍സിലിന്റെ കാലൊടിഞ്ഞ് പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.