ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയും എല്‍.ജെ.പി നേതാവുമായ രാംവിലാസ് പസ്വാന്‍ (74) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സിലായിരുന്നു. അടിയന്തര ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് കുറച്ചുനാളായി ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
മകന്‍ ചിരാഗ് പസ്വാനാണ് മരണവിവരം ട്വീറ്റ് ചെയ്തത്. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് രാംവിലാസ് പസ്വാന്റെ വിയോഗം.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു രാംവിലാസ് പസ്വാന്‍. ബിഹാറില്‍ നിന്നുള്ള ഇന്ത്യയിലെ അറിയപ്പെടുന്ന ദളിത് നേതാവ് കൂടിയാണ്.രണ്ടാം മോദി സര്‍ക്കാരില്‍ കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രിയായിരുന്നു.
ജനതാ പാര്‍ട്ടിയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിര ഗാന്ധിക്കെതിരേ കടുത്ത നിലപാടെടുത്ത വിദ്യാര്‍ഥി നേതാവായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷമുള്ള സമരമുഖമാണ് പസ്വാനിലെ രാഷ്ട്രീയ നേതാവിനെ പുറത്തുകൊണ്ടുവരുന്നത്. അടിയന്തരാവസ്ഥ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് അറസ്റ്റിലായ പസ്വാന്‍ ഏറെക്കാലം തടവ് അനുഭവിച്ചു. പിന്നീട് നടന്ന നിരവധി പൊതുതിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ജയിച്ച് ലോക്സഭയിലേക്കെത്തി.
ബിഹാര്‍ നിമയസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയും പസ്വാനാണ്. ആറ് പ്രധാനമന്ത്രിമാരുടെ കീഴില്‍ കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്നു.
ജനതാ പാര്‍ട്ടിക്ക് പുറമേ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി, ലോക്ദള്‍,ജനദാതള്‍ എന്നീ പാര്‍ട്ടികളിലും പസ്വാന്‍ പ്രവര്‍ത്തിച്ചു. 2000ത്തിലാണ് ലോക്ജനശക്തി (എല്‍ജെപി)രൂപവത്കരിച്ചത്. ഏഴ് തവണ ബിഹാറിലെ ഹാജിപുര്‍ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്കെത്തി. മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ മന്ത്രിസഭയിലും അംഗമായിരുന്നു. ഏറ്റവും ഒടുവില്‍ രണ്ട് മോദി മന്ത്രിസഭയിലും അംഗമായി.