ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ കാലവര്‍ഷം ശക്തിപ്പെടാന്‍ സാധ്യത. വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് രാവിലെയാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. ഇത്തവണത്തെ മണ്‍സൂണ്‍ സീണണിലെ 11-ാമത്തെ ന്യൂനമര്‍ദ്ദമാണ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടത്.
ന്യൂനമര്‍ദ്ദമുണ്ടാകുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കും. ഇത് അടുത്ത ദിവസത്തിനുള്ളില്‍ കരയിലേക്ക് കയറുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
ന്യൂനമര്‍ദ്ദത്തിന് പുറമെ ആന്ധ്രാപ്രദേശിന് മുകളില്‍ ഒരു ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇതുമൂലം അടുത്ത മൂന്നുദിവസത്തേക്ക് കേരളം, കര്‍ണാടക, കൊങ്കണ്‍- ഗോവ മേഖലകളില്‍ വ്യാപക മഴ തുടരും.