
ന്യൂഡല്‍ഹി: രാജ്യത്ത് 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ ലഭിക്കാന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് നിര്‍ബന്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഈ വിഭാഗത്തിലുള്ളവര്‍ക്ക് തുടക്കത്തില്‍ സ്പോട്ട് രജിസ്ട്രേഷന് സൗകര്യമുണ്ടാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. വാക്സിനേഷന്റെ മൂന്നാം ഘട്ടത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.
യോഗ്യതയുള്ള എല്ലാ പൗരന്മാര്‍ക്കും ഏപ്രില്‍ 28 മുതല്‍ കോവിന്‍ വെബ്‌സൈറ്റിലും ആരോഗ്യസേതു ആപ്പിലും വാക്‌സിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും മെയ് 1 മുതല്‍ കുത്തിവയ്പ്പ് ആരംഭിക്കും.മുന്‍നിര പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, 45 വയസിന് മുകളിലുള്ളവര്‍ എന്നിവര്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നത് തുടരും.
സ്വകാര്യ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ഏപ്രില്‍ 30 വരെ ഉപയോഗിക്കാത്ത വാക്സിന്‍ സ്റ്റോക്കുകള്‍ വിതരണം ചെയ്ത സംഭരണ കേന്ദ്രത്തിലേക്ക് തിരികെ നല്‍കണമെന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു. അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുമ്പോള്‍ പൗരന്മാര്‍ക്ക് തിരഞ്ഞെടുപ്പ് നടത്താന്‍ സ്വകാര്യ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ വാക്സിന്റെ ഇനം, സ്റ്റോക്കുകള്‍, വില എന്നിവ കോവിന്‍ പോര്‍ട്ടലില്‍ പ്രഖ്യാപിക്കണമെന്നും കത്തില്‍ ആരോഗ്യ സെക്രട്ടറി ആവശ്യപ്പെട്ടു.