ഫുട്ബോള്‍ ഇതിഹാസം ഡീഗോ മാറഡോണ അന്തരിച്ചു

ബ്യൂണസ് ഐറിസ്: ഫുട്ബോള്‍ ഇതിഹാസം ഡീഗോ അര്‍മാന്‍ഡോ മാറഡോണ (60) അന്തരിച്ചു. ഈ മാസം തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ അദ്ദേഹത്തിന് പിന്‍വാങ്ങല്‍ ലക്ഷണങ്ങളും (വിത്ത്ഡ്രോവല്‍ സിംപ്റ്റംസ്) ഉണ്ടായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയലായിരുന്നു അന്ത്യം.

വിഷാദ രോഗത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ബ്യൂണസ് ഐറിസിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ധ പരിശോധനയ്ക്കിടെ സ്‌കാനിങ്ങിലൂടെയാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് 80 മിനിറ്റ് നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിലാണ് അദ്ദേഹത്തിന്റെ തലച്ചോറിലെ കട്ടപിടിച്ച രക്തം നീക്കം ചെയ്തത്. കഴിഞ്ഞ മാസമാണ് താരം 60-ാം പിറന്നാള്‍ ആഘോഷിച്ചത്.

1960 ഒക്ടോബറില്‍ അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലെ വില്ല ഫിയോറിത്തോ പ്രവിശ്യയിലെ ലാനസില്‍ ജനനം. ഡോണ്‍ ഡീഗോ ഡാല്‍മ സാല്‍വദോറ ഫ്രാങ്കോ ദമ്പതികളുടെ എട്ടു മക്കളില്‍ അഞ്ചാമനായിരുന്നു ഡീഗോ അര്‍മാന്‍ഡോ മാറഡോണ. മാറഡോണയുടെ പേരിലെ അര്‍മാന്‍ഡോ എന്ന ഭാഗത്തിന്റെ അര്‍ഥം സൈന്യത്തിലെ അംഗം എന്നായിരുന്നു.

ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലമായിരുന്നു അദ്ദേഹത്തിന്റേത്. ഫാക്ടറി ജീവനക്കാരനായിരുന്ന അച്ഛന്‍ ഡോണിന് മൂന്ന് ആണ്‍കുട്ടികളും അഞ്ചു പെണ്‍കുട്ടികളും അടങ്ങുന്ന ആ കുടുംബം പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല.

ഫുട്ബോളുമായുള്ള കുഞ്ഞു മാറഡോണയുടെ ബന്ധം ആരംഭിക്കുന്നത് അവന്റെ മൂന്നാം പിറന്നാളിന് കസിനായ ബെറ്റോ സരാറ്റെയില്‍ നിന്ന് ഒരു പന്ത് സമ്മാനമായി ലഭിച്ചതോടെയാണ്. ഒമ്പതാം വയസില്‍ തന്നെ ആ പ്രദേശത്തെ നല്ല ഫുട്ബോള്‍ കാളിക്കാരനെന്ന് മാറഡോണ പേരെടുത്തു. ആ പ്രദേശത്തെ ഫുട്ബോള്‍ ടീമായിരുന്ന ‘ലിറ്റില്‍ ഒനിയനി’ലേക്ക് അവന്‍ തിരഞ്ഞെടുക്കപ്പെട്ടു. 12-ാം വയസില്‍ ലിറ്റില്‍ ഒനിയനിയന്‍സില്‍ നിന്ന് മാറഡോണയെ ലോസ് സെബോല്ലിറ്റാസ് ക്ലബ്ബ് റാഞ്ചി. അവിടെ നിന്ന് അര്‍ജന്റിനോസ് ജൂനിയേഴ്സ് ടീമിലേക്ക്. അങ്ങനെ 1976-ല്‍ 16 വയസ് തികയാന്‍ 10 ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മാറഡോണ പ്രൊഫഷണല്‍ ഫുട്ബോളില്‍ അരങ്ങേറ്റം കുറിച്ചു.

2003 വരെ അര്‍ജന്റീനയില്‍ പ്രൊഫഷണല്‍ ലീഗില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതി മാറഡോണയുടെ പേരിലായിരുന്നു. 1976 മുതല്‍ 1981 വരെയുള്ള കാലയളവില്‍ അര്‍ജന്റിനോസ് ജൂനിയേഴ്സിനായി 166 മത്സരങ്ങള്‍ കളിച്ച താരം 111 ഗോളുകളും സ്വന്തം പേരിലാക്കി. ഒന്നാം ഡിവിഷനില്‍ 19-ാം സ്ഥാനത്തായിരുന്ന ക്ലബ്ബ് മാറഡോണയുടെ വരവോടെ 1980-ല്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തി. പിന്നീട് 1977-ല്‍ തന്റെ 16-ാം വയസില്‍ ദേശീയ ടീമിന്റെ നീലക്കുപ്പായം മാറഡോണയെ തേടിയെത്തി. 1977 ഫെബ്രുവരി 27-ന് ഹംഗറിക്കെതിരേയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റ മത്സരം. പക്ഷേ പ്രായം കുറഞ്ഞ താരമെന്ന കാരണത്താല്‍ 1978-ലെ അര്‍ജന്റീനയുടെ ലോകകപ്പ് ടീമില്‍ അദ്ദേഹത്തിന് ഇടംകിട്ടിയില്ല. 1979 ജൂണ്‍ രണ്ടിന് സ്‌കോട്ട്ലന്‍ഡിനെതിരേ നടന്ന മത്സരത്തില്‍ രാജ്യത്തിനായുള്ള ആദ്യ ഗോള്‍ മാറഡോണ കുറിച്ചു.

അതേ വര്‍ഷം തന്നെ യൂത്ത് ചാമ്പ്യന്‍ഷിപ്പിനുള്ള അര്‍ജന്റീന ടീമിനെ നയിക്കാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തി. ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ നേടിയ മാറഡോണ, അര്‍ജന്റീനയെ ജേതാക്കളാക്കിയ ശേഷം കപ്പുമായാണ് മടങ്ങിയെത്തിയത്. 1986 ലോകകപ്പിലെയും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ മാറഡോണയ്ക്കായിരുന്നു. യൂത്ത് ലോകകപ്പിലും സീനിയര്‍ ലോകകപ്പിലും ഗോള്‍ഡന്‍ ബോള്‍ നേടിയിട്ടുള്ള ഏക താരവും അദ്ദേഹമാണ്.

 

Load More Related Articles
Load More By Editor
Load More In Obit

Leave a Reply

Your email address will not be published. Required fields are marked *

Check Also

ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…