കടമ്പനാട്: കോവിഡ് പോസിറ്റീവായതിന്റെ പിറ്റേന്ന് യുവാവ് മരിച്ചു. വകഭേദം വന്ന വൈറസ് ബാധ സംശയിക്കുന്നു. കടമ്പനാട് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കടയില്‍പുത്തന്‍ വീട് രാജമണി(40) ആണ് മരിച്ചത്. മാന്നാര്‍ സ്വദേശിയായ ഇദ്ദേഹം കടമ്പനാട്ടുള്ള ഭാര്യ വീട്ടിലാണ് താമസിക്കുന്നത്. ഭാര്യ അടൂരില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. ക്ഷേത്രങ്ങളില്‍ താഴിക കുടത്തിന്റെ പണികള്‍ ചെയ്യുന്നയാളാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ കൊട്ടാരക്കര ഭാഗത്താണ് ജോലിക്ക് പോയിരുന്നത്. അവിടെ എവിടെ നിന്നെങ്കിലും വൈറസ് ബാധ ഉണ്ടായതാകാമെന്ന് സംശയിക്കുന്നു. മിനിഞ്ഞാന്നാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇന്നലെ രാത്രിയാണ് മരിച്ചത്. കടമ്പനാട് പഞ്ചായത്തില്‍ രോഗം വ്യാപിക്കുകയാണ്. രണ്ട്, 14 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കാനുളള സാധ്യതയുണ്ട്. ഇതു സംബന്ധിച്ച് ആരോഗ്യവകുപ്പ് അധികൃതര്‍ പഞ്ചായത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിറ്റേന്ന് രോഗി മരിച്ചത് സംശയത്തിനിട നല്‍കിയിട്ടുണ്ട്. വകഭേദം വന്ന വൈറസ് കണ്ടെത്താത്ത ഏക ജില്ലയാണ് പത്തനംതിട്ട.