
ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേയ്ക്ക് ഏര്‍പ്പെടുത്തിയ നേരിട്ടുള്ള പ്രവേശന വിലക്ക് ജൂണ്‍ 14 വരെ നീട്ടി. തങ്ങളുടെ വിമാനങ്ങള്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലെ ഒരു വിമാനത്താവളത്തിലേയ്ക്കും സര്‍വീസ് നടത്തില്ലെന്ന് എമിറേറ്റ്‌സ് എയര്‍ ലൈന്‍സ് അറിയിച്ചു. ഇന്ത്യയിലെ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഏപ്രില്‍ 25 നാണ് ഇന്ത്യയില്‍ നിന്നുളള നിമാന സര്‍വീസുകള്‍ക്ക് യുഎഇ വിലക്കേര്‍പ്പെടുത്തിയത്. ഇതുമൂലം 30 ദിവസം തുടങ്ങി കുറഞ്ഞ അവധിക്ക് നാട്ടിലേയ്ക്ക് പോകാനൊരുങ്ങിയവരൊക്കെ യാത്ര മാറ്റിവച്ചിരുന്നു.
ഇന്ത്യയിലെ സ്ഥിതിവിശേഷം കൂടുതല്‍ പരിതാപകരമായതിനാല്‍ യാത്രാ വിലക്ക് പിന്നീട് 10 ദിവസത്തേയ്ക്ക് കൂടി നീട്ടി. അത് ഈ മാസം 14ന് അവസാനിക്കാനിക്കുന്നതിന് മുന്‍പ് തന്നെ അനിശ്ചിതകാലത്തേയ്ക്ക് നീട്ടിവച്ചു. ഇതിനിടെയാണ് ഇപ്പോള്‍ എമിറേറ്റ്‌സ് ജൂണ്‍ 14 വരെ നീട്ടിയതായി അറിയിച്ചിരിക്കുന്നത്. യുഎഇ സ്വദേശികള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ഔദ്യോഗിക പ്രതിനിധികള്‍, ബിസിനസുകാര്‍, ഗോള്‍ഡന്‍ വീസയുള്ളവര്‍ എന്നിവരെ യാത്രാ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ യുഎഇയിലെത്തിയാല്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും 10 ദിവസം ക്വാറന്റീനില്‍ കഴിയുകയും വേണം.