അബുദാബി: കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സീന്‍ ക്യാംപെയിന് അബുദാബിയില്‍ വന്‍ പ്രതികരണം. അനുമതി ലഭിച്ച ശേഷം ആദ്യ രണ്ടു ദിവസങ്ങളില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ വാക്‌സീന്‍ എടുത്തു. സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി കുട്ടികള്‍ക്കു വാക്‌സീന്‍ എടുക്കാനാണ് തിടുക്കം കൂട്ടുന്നത്. മൂന്നു മുതല്‍ 17 വയസ്സുവരെയുള്ളവര്‍ക്ക് സിനോഫാം വാക്‌സീന്‍ നല്‍കാന്‍ ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു.
ആരോഗ്യമന്ത്രാലയത്തിനു കീഴിലെ ആശുപത്രികളിലും ക്ലിനിക്കുകളിലും മുന്‍കൂട്ടി ബുക്ക് ചെയ്യണം. എന്നാല്‍ പുതുതായി ഏര്‍പ്പെടുത്തിയ വാക് ഇന്‍ സെന്ററുകളില്‍ എമിറേറ്റ്‌സ് ഐഡിയുമായി നേരിട്ടെത്തി കുത്തിവയ്പ് എടുക്കാം. അബുദാബി യാസ് മാളില്‍ കിഡ്‌സാനിയയ്ക്കു സമീപമുള്ള കേന്ദ്രത്തില്‍ ഒട്ടേറെ കുട്ടികള്‍ എത്തി വാക്‌സീന്‍ എടുത്തു. ഇവിടെ ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 8 വരെയാണ് കുത്തിവയ്പ്.
വാക് ഇന്‍ കേന്ദ്രങ്ങള്‍
അബുദാബി: നാഷനല്‍ എക്‌സിബിഷന്‍ സെന്റര്‍, അല്‍മുഷ്‌റിഫ് സ്‌പെഷ്യാലിറ്റി സെന്റര്‍, അല്‍ മുഷ്‌റിഫ് മജ് ലിസ്, അല്‍ ബത്തീന്‍ മജ് ലിസ്, അല്‍ മന്‍ഹല്‍ മജ് ലിസ്.
അല്‍ഐന്‍: എക്‌സിബിഷന്‍ സെന്റര്‍, അല്‍തൊവയ്യ ചില്‍ഡ്രന്‍സ് സ്‌പെഷ്യാലിറ്റി സെന്റര്‍, ഫലജ് ഹസ്സ മജ് ലിസ്.
അല്‍ദഫ്‌റ: ഗയാത്തി ആശുപത്രി, ലിവ ഹോസ്പിറ്റല്‍, മര്‍ഫ ഹോസ്പിറ്റല്‍, സില ഹോസ്പിറ്റല്‍, ഡല്‍മ ഹോസ്പിറ്റല്‍, അല്‍ദഫ്‌റ ഫാമിലി മെഡിസിന്‍ സെന്റര്‍, അല്‍ദഫ്‌റ കോ ഓപറേറ്റീവ് സൊസൈറ്റി.