അടൂരില്‍ ചെങ്ങറ സുരേന്ദ്രന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കും

അടൂര്‍: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ കഴിഞ്ഞതോടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ചര്‍ച്ചകള്‍ തുടങ്ങി. സിപിഐയുടെ സിറ്റിങ് സീറ്റായ അടൂര്‍ പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസും ബിജെപിയും നീക്കം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഇപ്പോള്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും മികച്ച മുന്നേറ്റമാണ് ബിജെപി നിയോജകമണ്ഡലത്തില്‍ നടത്തിയത്. കെ. സുരേന്ദ്രന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രണ്ടാമത് വന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പന്തളം നഗരസഭ പിടിച്ചെടുത്ത ബിജെപി അടൂര്‍ നഗരസഭയിലും ഒരു സീറ്റ് നേടി മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാര്‍ ഇനി മത്സരരംഗത്തുണ്ടാകില്ല. സിപിഐയുടെ സ്ഥാനാര്‍ഥിയായി മുന്‍ എംപി ചെങ്ങറ സുരേന്ദ്രന്‍ എത്തുമെന്നാണ് സൂചന. മുന്‍പ് അടൂരില്‍ നിന്ന് എംപിയായിട്ടുള്ള ചെങ്ങറ മണ്ഡലത്തില്‍ സുപരിചിതനാണ്. മണ്ഡലം നന്നായി അറിയാവുന്ന വ്യക്തിയെന്ന നിലയില്‍ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യവും തന്നെയില്ല. ഇതു സംബന്ധിച്ച് പാര്‍ട്ടിയില്‍ അനൗപചാരിക ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.

കോണ്‍ഗ്രസിന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എംജി കണ്ണനാകും സ്ഥാനാര്‍ഥി എന്നാണ് സൂചന. രണ്ടു തവണ ജില്ലാ പഞ്ചായത്തംഗമായിരുന്ന കണ്ണന് ഇക്കുറി സീറ്റ് ലഭിച്ചിരുന്നില്ല. കോന്നിയില്‍ നിന്ന് മത്സരിക്കുമെന്നാണ് കരുതിയതെങ്കിലും ഗ്രൂപ്പ് വീതം വയ്പില്‍ പുറത്തായി.

പന്തളം നഗരസഭ കൗണ്‍സിലര്‍ കെവി പ്രഭയെ ബിജെപി മത്സരിപ്പിക്കാന്‍ തയാറായാല്‍ ശക്തമായ ത്രികോണ മത്സരം അരങ്ങേറും. ജില്ലാ വൈസ് പ്രസിഡന്റ് പിആര്‍ ഷാജിയെയും ഈ സീറ്റിലേക്ക് പരിഗണിക്കുന്നുണ്ട്. എന്നിരുന്നാലും പ്രഭയാകും മികച്ച സ്ഥാനാര്‍ഥിയെന്ന് അഭിപ്രായം ഉയരുന്നുണ്ട്. ഇവിടെ ബിജെപി അട്ടിമറി നേടിയാലും അത്ഭുതപ്പെടാനില്ല.

 

Load More Related Articles
Load More By Editor
Load More In Special

Leave a Reply

Your email address will not be published. Required fields are marked *

Check Also

ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…