
കാസാബ്ലാങ്ക (മൊറൊക്കോ): ഒറ്റ പ്രസവത്തില്‍ 9 കണ്‍മണികള്‍. മാലി സ്വദേശി 25 വയസ്സുള്ള ഹലീമ സിസെയാണ് മൊറോക്കോയിലെ ആശുപത്രിയില്‍ 9 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. 5 പെണ്‍കുട്ടികളും 4 ആണ്‍കുട്ടികളും. അമേരിക്കയിലെ നാദിയ ഹുസൈന്‍ 2009 ല്‍ 8 കുട്ടികള്‍ക്ക് ജന്മം നല്‍കിയതാണ് പ്രസവത്തിലെ നിലവിലുള്ള റെക്കോര്‍ഡ്.
കുഞ്ഞുങ്ങളും അമ്മയും സുഖമായിരിക്കുന്നുവെന്നും കുട്ടികളെ ഐന്‍ ബോര്‍ജ ആശുപത്രിയിലെ നവജാതശിശു പരിചരണ വിഭാഗത്തിലേക്കു മാറ്റിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗര്‍ഭ വേളയില്‍ തന്നെ 7 കുട്ടികളുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയെങ്കിലും 2 പേര്‍ കൂടി വിസ്മയകരമായി പുതിയ ലോകത്തേക്ക് വന്നു. ശസ്ത്രക്രിയയിലൂടെയാണ് കുട്ടികളെ പുറത്തെടുത്തത്.
മാലിയില്‍ വേണ്ടത്ര സൗകര്യമില്ലാത്തതിനാല്‍ ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ടാണ് അമ്മയെ അയല്‍രാജ്യമായ മൊറോക്കോയിലെ ആശുപത്രിയിലേക്കു മാറ്റിയത്. അമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കുമായി വലിയ മുറി തയാറാക്കി കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങളുമായി അലങ്കരിച്ച് വിപുലമായ തയാറെടുപ്പുകളാണ് ആശുപത്രി അധികൃതര്‍ നടത്തിയിരുന്നത്.
കുഞ്ഞുങ്ങള്‍ക്ക് 500 ഗ്രാം മുതല്‍ 1 കിലോ വരെ തൂക്കമുണ്ട്. നിശ്ചിത കാലയളവിലും 30 ദിവസം മുന്‍പാണ് പ്രസവം. രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്ന് അമ്മയുടെ ശരീരത്തില്‍ രക്തം കയറ്റുന്നുണ്ട്. കൃത്രിമ ഗര്‍ഭധാരണത്തിലൂടെയല്ലാതെ ഇത്തരം ജനനം അപൂര്‍വമാണെന്ന് ഗൈനക്കോളജി രംഗത്തെ വിദഗ്ധര്‍ പറയുന്നു.