കൊറോണ വൈറസ് വായുവില്‍ രോഗപ്പകര്‍ച്ചയുണ്ടാകാമെന്ന്

കൊറോണ വൈറസ് അടങ്ങിയ കണികകള്‍ വായുവില്‍ തങ്ങി നില്‍ക്കാമെന്നും ഇതിലൂടെ രോഗപ്പകര്‍ച്ചയുണ്ടാകാമെന്നും ഇതാദ്യമായി സമ്മതിച്ച് അമേരിക്കയിലെ ആരോഗ്യ ഏജന്‍സിയായ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി). അണുബാധ നിയന്ത്രണത്തിനായുള്ള തങ്ങളുടെ മാര്‍ഗരേഖ പരിഷ്‌കരിച്ചു കൊണ്ടാണ് സിഡിസി വായുവിലൂടെയുള്ള കോവിഡ് രോഗ പകര്‍ച്ചയുടെ സാധ്യതകള്‍ അംഗീകരിച്ചത്.

2020 ജൂലൈയില്‍ ലോകാരോഗ്യ സംഘടന വായുവിലൂടെ കോവിഡ് പകരാമെന്ന് അംഗീകരിച്ചിരുന്നു. വായില്‍ നിന്നോ മൂക്കില്‍ നിന്നോ തെറിക്കുന്ന ശ്വസന കണികകള്‍ വഴിമാത്രമാണ് കോവിഡ് പകരുന്നതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. ആറടി ദൂരത്തിനുള്ളില്‍ അടുത്ത് ഇടപെടുന്നവര്‍ക്കോ, വൈറസ് അടങ്ങിയ കണികകള്‍ വന്ന് വീണ പ്രതലങ്ങളില്‍ തൊടുമ്പോഴോ ഒക്കെയാകും രോഗം പകരുക എന്നും ലോകം വിശ്വസിച്ചു. എന്നാല്‍ ഇതിനു പുറമേ വൈറസ് അടങ്ങിയ കണികകള്‍ വായുവില്‍ തങ്ങി നിന്ന് മറ്റൊരാള്‍ ഈ വായു ശ്വസിക്കുമ്പോള്‍ കോവിഡ് പകരാമെന്ന് പിന്നീടുള്ള ഗവേഷണങ്ങള്‍ തെളിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിഡിസിയും മാര്‍ഗരേഖ പരിഷ്‌കരിച്ചത്.

വെന്റിലേഷന്‍ കുറവുള്ള അടഞ്ഞ സ്ഥലങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലുമാണ് വായുവിലൂടെയുള്ള കോവിഡ് പകര്‍ച്ചയ്ക്ക് സാധ്യതയെന്ന് സിഡിസിയുടെ പുതുക്കിയ മാര്‍ഗരേഖ പറയുന്നു. റസ്റ്ററന്റുകള്‍, ഫിറ്റ്നസ് ക്ലാസുകള്‍ തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ റിസ്‌ക് കൂടിയ സ്ഥലങ്ങളാണ്.

മാസ്‌ക് ധരിക്കല്‍, ആറടിയോളം സാമൂഹിക അകലം, പ്രതലങ്ങളുടെ അണുനാശനം, കൈകളുടെ ശുചിത്വം തുടങ്ങിയ മുന്‍കരുതലുകള്‍ക്ക് പുറമേ ഇന്‍ഡോര്‍ ഇടങ്ങളില്‍ എയര്‍ പ്യൂരിഫയര്‍ അടക്കമുള്ളവ ഉപയോഗിക്കണമെന്നും സിഡിസി ശുപാര്‍ശ ചെയ്യുന്നു. അസുഖമുള്ളവര്‍ കഴിയുന്നതും വീട്ടിലിരിക്കണമെന്നും ഐസൊലേറ്റ് ചെയ്യണമെന്നും മാര്‍ഗരേഖയില്‍ നിര്‍ദ്ദേശിക്കുന്നു.

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് സാര്‍സ് കോവ്-2 പകരാനുള്ള സാധ്യതയും സിഡിസി ഇപ്പോള്‍ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ ഇതിനുള്ള സാധ്യത തുച്ഛമാണെന്നും സിഡിസി കൂട്ടിച്ചേര്‍ക്കുന്നു.

 

Load More Related Articles
Load More By Editor
Load More In Special

Leave a Reply

Your email address will not be published. Required fields are marked *

Check Also

നെല്ലിമുകളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പും ENT ചെക്കപ്പും ഞായറാഴ്ച

അടൂര്‍: നെല്ലിമുകള്‍ 3682 നമ്പര്‍ എസ്എന്‍ഡിപി ശാഖ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ അടൂര്‍ ഭാരത്…