
പത്തനംതിട്ട: കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ മാത്യു ടി. ഉണ്ടായിരുന്നതൊഴിച്ചാല്‍ ജില്ലയ്ക്ക് മറ്റു മന്ത്രിമാരില്ലായിരുന്നു. ഇക്കുറി മൂന്നു മന്ത്രിമാര്‍ ജില്ലയില്‍ നിന്നുണ്ടാകാനുള്ള സാധ്യതയേറി. ആറന്മുളയില്‍ നിന്ന് വീണാ ജോര്‍ജ്, അടൂരില്‍ നിന്ന് ചിറ്റയം ഗോപകുമാര്‍, തിരുവല്ലയില്‍ നിന്ന് മാത്യു ടി. തോമസ്. മറ്റു രണ്ടു പേരും ഘടക കക്ഷിയില്‍ നിന്നുള്ളവരായതാണ് വീണാ ജോര്‍ജിന്റെ സാധ്യത വര്‍ധിപ്പിക്കുന്നത്.
വീണാ ജോര്‍ജ് മന്ത്രിയായില്ലെങ്കില്‍ സ്പീക്കറോ ചീഫ് വിപ്പോ ആകാനുള്ള സാധ്യതയുണ്ട്. രണ്ടു സ്ത്രീ പ്രാതിനിധ്യമാണ് കഴിഞ്ഞ മന്ത്രിസഭയില്‍ ഉണ്ടായിരുന്നത്. അതില്‍ കെകെ ശൈലജ മാത്രമാണ് ഇക്കുറി വിജയിച്ചത്. ആഴക്കടല്‍ വിവാദത്തില്‍ അകപ്പെട്ട മേഴ്സിക്കുട്ടിയമ്മ കുണ്ടറയില്‍ തോറ്റു. പിന്നെയുള്ളതില്‍ സാധ്യത വീണയ്ക്കും ഇരിങ്ങാലക്കുടയില്‍ നിന്ന് വിജയിച്ച, സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ബിന്ദുവിനാണ്. വീണ രണ്ടാം തവണ എംഎല്‍എയായത് തുണയാവുക. എന്തായാലും ക്യാബിനറ്റ് റാങ്ക് വീണയെ തേടിയെത്തിലേക്കും.
പിണറായിക്ക് വളരെ പ്രിയങ്കരനായ ആളാണ് മാത്യു ടി. തോമസ്. കഴിഞ്ഞ തവണ ആദ്യ ടേമില്‍ മന്ത്രിയായ മാത്യു ടി പിന്നീട് ജനതാദളിലെ ധാരണ പ്രകാരം കെ കൃഷ്ണന്‍ കുട്ടിക്ക് വേണ്ടി ഒഴിഞ്ഞു കൊടുക്കുകയായിരുന്നു. അതു കൊണ്ട് ഇക്കുറി ആദ്യ ടേമില്‍ മാത്യു ടിക്ക് തന്നെ മന്ത്രി സ്ഥാനം കിട്ടാനാണ് സാധ്യത. മന്ത്രിയാകാന്‍ വേണ്ടി മത്സരിച്ച ശ്രേയാംസ്‌കുമാര്‍ തോറ്റതും തുണയായി.
സിപിഐയിലെ ചിറ്റയം ഗോപകുമാര്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് വിജയിക്കുന്നത്. ഇക്കുറി പുതുമുഖങ്ങള്‍ക്ക് മന്ത്രിസ്ഥാനം നല്‍കാനാണ് സിപിഐയുടെ തീരുമാനം. അങ്ങനെ വരുമ്പോള്‍ പരിചയ സമ്പന്നന്‍ എന്ന നിലയില്‍ ചിറ്റയത്തിന് നറുക്ക് വീണേക്കും. ഇനി മന്ത്രി സ്ഥാനം കിട്ടിയില്ലെങ്കില്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ലഭിക്കാനും സാധ്യതയുണ്ട്.