വായ്പ നല്‍കാമെന്ന് പറഞ്ഞ് കഷ്ടപ്പെടുത്തി: അടൂര്‍ ബാങ്ക് ഓഫ് ഇന്ത്യ ശാഖ 65,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം

അടൂര്‍: മകളുടെ വിവാഹത്തിന് വായ്പയ്ക്ക് സമീപിച്ച വിമുക്ത ഭടനെ മാസങ്ങളോളം നടത്തിക്കുകയും സേവനഫീസ് വാങ്ങുകയും ചെയ്തിട്ട് വായ്പ അനുവദിക്കാതിരുന്നതിന് ബാങ്ക് ഓഫ് ഇന്ത്യ അടൂര്‍ ശാഖാ മാനേജര്‍ക്ക്എതിരേ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ വിധി. സേവനത്തില്‍ വീഴ്ച വരുത്തിയതിനും അര്‍ഹതയുണ്ടായിട്ടും വായ്പ അനുവദിക്കാതിരുന്നതിനും പരാതിക്കാരന് മാനസിക വ്യഥ ഉണ്ടാക്കിയതിനും നഷ്ടപരിഹാരമായി 65000 രൂപ 10 ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ നല്‍കാനാണ് വിധി.

വിമുക്ത ഭടന്‍ പെരിങ്ങനാട് മുളമുക്ക് മുഴങ്ങോടിയില്‍ പുത്തന്‍വീട്ടില്‍ എം.എന്‍ ഗോപകുമാര്‍, ഭാര്യ അനിതാ കുമാരി എന്നിവര്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. 2018-ലാണ് പരാതിക്കു കാരണമായ സംഭവമുണ്ടായത്. അടൂരില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് ഇന്ത്യയില്‍ എം.എന്‍ ഗോപകുമാര്‍ മകളുടെ വിവാഹ ആവശ്യത്തിനായി 15 ലക്ഷം രൂപ ലോണിനായി സമീപിച്ചു. ഭാര്യയുടെ പേരിലുള്ള അറുപതുലക്ഷം രൂപ മൂല്യമുള്ള 53 സെന്റ് സ്ഥലത്തിന്റെ രേഖകള്‍ ബാങ്കിന് ഈടായി നല്‍കുകയും ചെയ്തു. ഗോപകുമാറിന്റെ തിരിച്ചറിയല്‍ രേഖകള്‍, പെന്‍ഷന്‍ വിവരങ്ങള്‍ എന്നിവ അടങ്ങിയ രേഖകളും നല്‍കി.

ബാങ്ക് അധികൃതര്‍ വസ്തു വന്ന് നോക്കുകയും രേഖകള്‍ ശരിയെന്ന് ഉറപ്പു വരുത്തുകയും ചെയ്തിതിരുന്നതായി പരാതിക്കാരനായിരുന്ന ഗോപകുമാര്‍ പറഞ്ഞു. എന്നാല്‍ അഞ്ചു മാസങ്ങള്‍ക്കു ശേഷവും ലോണ്‍ ശരിയാക്കി തരാന്‍ ബാങ്ക് മാനേജര്‍ തയ്യാറായില്ല. ഹൃദയ സംബന്ധമായ രോഗമുള്ളതിനാല്‍ എല്ലാ ദിവസവും ബാങ്കില്‍ വന്നു പോകാനുള്ള പ്രയാസം മാനേജരെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ല. ഇതിനിടയില്‍ വസ്തുവില്‍ റബര്‍ മരങ്ങള്‍ ഉള്ളതിനാല്‍ ലോണ്‍ തരാന്‍ സാധിക്കില്ലെന്ന് മാനേജര്‍ അറിയിച്ചു. തുടര്‍ന്ന് ലോണ്‍ ലഭിക്കുന്നതിനായി 150 റബ്ബര്‍ മരങ്ങള്‍ മുറിച്ചുമാറ്റി. പക്ഷെ പിന്നെയും ലോണ്‍ തരുന്നതില്‍ ബാങ്ക് മനേജര്‍ തടസവാദം ഉന്നയിച്ചു. ലോണ്‍ ആവശ്യത്തിനായി ബാങ്കില്‍ 12000 രൂപ അടച്ച് അക്കൗണ്ട് തുറന്നിരുന്നു. ഇതില്‍ നിന്നും ബാങ്കിന്റെ വിവിധ സേവനങ്ങള്‍ പറഞ്ഞ് 9170 രൂപ ബാങ്ക് ഈടാക്കിയതായും പരാതിക്കാരന്‍ പറയുന്നു. വിവാഹത്തിന്റെ ഇരുപതു ദിവസം മുന്‍പാണ് ബാങ്ക് മാനേജര്‍ വ്യക്തതയില്ലാത്ത വിവിധ കാരണങ്ങളാല്‍ ലോണ്‍ തരാന്‍ സാധ്യമല്ല എന്ന് അറിയിച്ചത്. തുടര്‍ന്ന് മറ്റൊരു ബാങ്കില്‍ നിന്നും ലോണ്‍ തരപ്പെടുത്തി മകളുടെ വിവാഹം നടത്തി. ഇതിനു ശേഷം ഗോപകുമാറും ഭാര്യ അനിതകുമാരിയും അര്‍ഹതപ്പെട്ട ലോണ്‍ നിഷേധിച്ച ബാങ്കിനെതിരെയും മാനേജര്‍ക്കെതിരെയും 2019 മാര്‍ച്ച് എട്ടിന് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തില്‍ കേസ് ഫയല്‍ ചെയ്തു.

സേവന ഫീസ് ആയി ഈടാക്കിയ 9170 രൂപ തിരികെ നല്‍കണം, പരാതിക്കാരന്‍ അനുഭവിച്ച മനോവ്യഥയ്ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കണം, കോടതി ചെലവായി 5000 രൂപ വേറെയും നല്‍കണം. ഇതിനെല്ലാം വാര്‍ഷിക പലിശ 10 ശതമാനം കൂടി ചേര്‍ത്തു വേണം നല്‍കാനെന്നും ഫോറം പ്രസിഡന്റ് ജോര്‍ജ് ബേബി, അംഗങ്ങളായ ഷാജിത ബീവി, നിഷാദ് തങ്കപ്പന്‍ എന്നിവരുടെ ഉത്തരവില്‍ പറയുന്നു.

 

Load More Related Articles
Load More By Editor
Load More In Adoor

Leave a Reply

Your email address will not be published. Required fields are marked *

Check Also

നെല്ലിമുകളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പും ENT ചെക്കപ്പും ഞായറാഴ്ച

അടൂര്‍: നെല്ലിമുകള്‍ 3682 നമ്പര്‍ എസ്എന്‍ഡിപി ശാഖ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ അടൂര്‍ ഭാരത്…