അടൂര്‍ : വിദ്യാര്‍ഥിരാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ കടന്നുവന്ന വ്യക്തിയാണ് അഡ്വ. മണ്ണടി അനില്‍. മണ്ണടി സ്‌കൂളില്‍ പഠിക്കുമ്പോള്‍ എ.ഐ.എസ്.എഫ്. യൂണിറ്റ് സെക്രട്ടറിയായി. പിന്നീട് താലൂക്ക് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
പന്തളം എന്‍.എസ്.എസ്. കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ എ.ഐ.എസ്.എഫ്. ജില്ലാ സെക്രട്ടറിയായും പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
തിരുവനന്തപുരത്ത് ലോ അക്കാദമിയില്‍ പഠിക്കുമ്പോള്‍ എ.ഐ.വൈ.എഫ്. ജില്ലാ ഭാരവാഹിയായി. പഠനം കഴിഞ്ഞ് അടൂര്‍, പത്തനംതിട്ട കോടതികളില്‍ അഭിഭാഷകനായി. സി.പി.ഐ. അടൂര്‍ താലൂക്ക് കമ്മിറ്റിയംഗമായി പ്രവര്‍ത്തിക്കവെ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് സി.പി.ഐ. വിട്ട് എം.വി. രാഘവന്‍ നേതൃത്വം നല്‍കുന്ന സി.എം.പി.യില്‍ ചേര്‍ന്നു. സി.എം.പി.യുടെ ജില്ലാ സെക്രട്ടറിയായും പോളിറ്റ് ബ്യൂറോ അംഗമായും സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
എം.വി.രാഘവന്‍ മരിച്ചതിനുശേഷം പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായപ്പോള്‍ അനിലുള്‍പ്പെടെയുള്ള ഒരു വിഭാഗം നേതാക്കന്‍മാര്‍ സി.എം.പി. അരവിന്ദാക്ഷന്‍ വിഭാഗത്തില്‍ ലയിച്ചു. ഇവിടെ നിന്ന് 2018-ല്‍ അനില്‍ ലോക് താന്ത്രിക് ജനതാദളില്‍ (എല്‍.ജെ.ഡി.) ചേര്‍ന്നു. ഇവിടെ നിലവില്‍ സംസ്ഥാന സെക്രട്ടറിയായി തുടരുകയായിരുന്നു.
45-ാം വയസ്സില്‍ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാനായി അനില്‍ തിരഞ്ഞെടുക്കപ്പെട്ടു. ഏഴുവര്‍ഷമായി ലേബര്‍ ഫെഡ് ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. ഏപ്രില്‍ 15-ന് ഫെയ്സ് ബുക്കിലെ കുറിപ്പില്‍ തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായും താനുമായി സഹകരിച്ചവര്‍ ശ്രദ്ധിക്കണമെന്നും മണ്ണടി അനില്‍ അഭ്യര്‍ഥിച്ചിരുന്നു.
അസുഖം കലശലായതിനെത്തുടര്‍ന്ന് 22-ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ ന്യുമോണിയ ബാധിച്ചതായി സ്ഥിരീകരിച്ചു. മേയ് ഒന്നിന് നടന്ന പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആയിരുന്നതായി സഹോദരനും സി.പി.ഐ. ജില്ലാ എക്‌സിക്യുട്ടിവംഗവുമായ അരുണ്‍ കെ.എസ്.മണ്ണടി പറഞ്ഞു. പക്ഷേ, ന്യുമോണിയ കുറയാത്തതിനാല്‍ ചികിത്സ തുടര്‍ന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.35-ന് ആശുപത്രിയിയിലായിരുന്നു മരണം.