794 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇന്ന് വ്യാഴം- ശനി മഹാഗ്രഹസംഗമം

794 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം തിങ്കളാഴ്ച സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴവും രണ്ടാം സ്ഥാനമുള്ള ശനിയും ഭൂമിയുടെ നേര്‍രേഖയില്‍ ദൃശ്യമാകും. തെക്കുപടിഞ്ഞാറന്‍ സന്ധ്യാമാനത്ത് ഗ്രഹങ്ങളുടെ മഹാസംഗമം നഗ്നനേത്രങ്ങള്‍കൊണ്ട് കാണാം.

ദക്ഷിണഅയനാന്ത ദിനമായ (സൂര്യന്‍ എറ്റവും തെക്കുഭാഗത്തായി കാണപ്പെടുന്ന ദിവസം) ഡിസംബര്‍ 21-നു തന്നെയാണ് ഇത്തവണ ഗ്രഹസംഗമവും നടക്കുന്നത്. തിങ്കളാഴ്ച സൂര്യാസ്തമയത്തിനു ശേഷം തെക്കുപടിഞ്ഞാറന്‍ മാനത്ത് ആദ്യം തെളിഞ്ഞുവരുക വ്യാഴമായിരിക്കും. നേരം ഇരുട്ടുന്നതോടെ അതിന്റെ തിളക്കം കൂടിക്കൂടി വരും. ക്രമേണ തൊട്ടടുത്തുള്ള ശനിഗ്രഹത്തെയും വെറും കണ്ണുകൊണ്ടുതന്നെ കാണാം.

തെക്കുപടിഞ്ഞാറന്‍ മാനം നന്നായി കാണാവുന്നതും അധികം വെളിച്ചമില്ലാത്തതും ആയ സ്ഥലത്ത് സൂര്യാസ്തമയത്തോടെ എത്തിച്ചേര്‍ന്നാല്‍ കാഴ്ച നന്നായി ആസ്വദിക്കാമെന്ന് അമെച്ചര്‍ വാനനിരീക്ഷകന്‍ സുരേന്ദ്രന്‍ പുന്നശ്ശേരി പറഞ്ഞു.

ഭൂമിയില്‍നിന്ന് നോക്കുമ്പോള്‍ അവ ഇരട്ടഗ്രഹം പോലെ ദൃശ്യമാവും. പതുക്കെ സഞ്ചരിക്കുന്ന രണ്ട് ഗ്രഹങ്ങളായ വ്യാഴവും ശനിയും തമ്മിലുള്ള സംഗമം ഇവിടെനിന്ന് ദൃശ്യമാകുന്നത് അപൂര്‍വമാണ്. അതുകൊണ്ടാണ് വ്യാഴം-ശനി സംഗമത്തെ മഹാഗ്രഹസംഗമം എന്ന് വിശേഷിപ്പിക്കുന്നത്.

അവസാനമായി വ്യാഴവും ശനിയും ഏറ്റവും അടുത്തുവന്ന് ഭൂമിയില്‍ നിന്ന് ദൃശ്യമായത് 1226-ലാണ്. 1623-ല്‍ ഇതുപോലെ ഇരുഗ്രഹങ്ങളും അടുത്തുവന്നിരുന്നെങ്കിലും ശനി സൂര്യന് സമീപം വന്നതിനാല്‍ ഭൂമിയില്‍ ദൃശ്യമായിരുന്നില്ല. അടുത്തത് കാണാന്‍ 60 വര്‍ഷം കാത്തിരിക്കണം (2080 മാര്‍ച്ച്).
സൂര്യനെ പരിക്രമണംചെയ്യാന്‍ വ്യാഴം 11.86 ഭൗമവര്‍ഷവും ശനി 29.4 ഭൗമ വര്‍ഷവും എടുക്കും. അതിനാല്‍ ഓരോ 19.85 ഭൗമവര്‍ഷത്തിലും ഇവ രാത്രിആകാശത്ത് പരസ്പരം കടന്നുപോകുന്നതായി കാണപ്പെടുന്നു. എന്നാലും ഭൂമിയുടെയും വ്യാഴത്തിന്റെയും ശനിയുടെയും പാതകള്‍ തമ്മിലുള്ള ചരിവ് കാരണം അവ പലപ്പോഴും ഒരു നേര്‍രേഖയില്‍ വരുകയില്ല. തിങ്കളാഴ്ച ഇവ നേര്‍രേഖയിലാണ് എത്തുന്നത്.

Load More Related Articles
Load More By Editor
Load More In Special

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലഡാക്കില്‍ 56 വര്‍ഷം മുന്‍പുണ്ടായ വിമാന അപകടം: കാണാതായവരില്‍ രണ്ടു മലയാളികള്‍ കൂടി

പത്തനംതിട്ട: 56 വര്‍ഷം മുന്‍പ് ഇന്ത്യന്‍ എയര്‍ ഫോഴ്സ് വിമാനം ലഡാക്കില്‍ തകര്‍ന്നു വീണ് കാണ…