അടൂര്‍: രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ അടൂരില്‍ രാഷ്ട്രപിതാവിന്റെ ഒരു രൂപം പണിഞ്ഞു വച്ചിരിക്കുന്നത് ആരും മറക്കരുത്. കൂടാതെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഗാന്ധിജിയുടെ പേര് നല്‍കിയ അടൂര്‍ ഗാന്ധി സ്മൃതി മൈതാനത്തിനേയും. പഴമയുടെ ചരിത്രം പറയുന്ന അടൂരിന്റെ നഗരഹൃദയത്തിലുള്ള ഈ ഗാന്ധി സ്മൃതി മൈതാനം ഇപ്പോള്‍ പായലും മാലിന്യവും നിറഞ്ഞ് നശാവസ്ഥയിലാണ്. മൈതാനത്തിന്റെ കവാടത്തിനു മുകളില്‍ എല്ലാം പായല്‍ നിറഞ്ഞ അവസ്ഥയിലാണ്. എല്ലാ വര്‍ഷവും ആഗസ്റ്റ് 15-ന് പേരിന് ആരെങ്കിലും പായല്‍ നീക്കം ചെയ്യാന്‍ എത്തുമെന്നതാണ് ആകെയുള്ള ഇവിടുത്തെ പ്രവര്‍ത്തനമെന്ന് നാട്ടുകാര്‍ പറയുന്നു.
അടുത്തിടെ നഗരസഭയുടെ നേതൃത്വത്തില്‍ മൈതാനത്തിനകം ഒരു പൊതുപരിപാടിക്കായി വൃത്തിയാക്കിയിരുന്നു പക്ഷെ കവാടത്തിനു മുകളിലെ പായല്‍ മാത്രം നീക്കം ചെയ്തില്ല. ഇത് ആഗസ്റ്റ് 15-ന് നീക്കം ചെയ്യാന്‍ വേണ്ടി വച്ചിരിക്കുന്നതാകാം എന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്. ഇത്തരത്തില്‍ മൈതാനത്തിന്റെ കാര്യത്തില്‍ ഒരു ശ്രദ്ധയും നല്‍ക്കാത്ത അവസ്ഥയാണ്. മൈതാനത്തിന് ചുറ്റുമുള്ള മതിലുകള്‍ മുഴുവന്‍ തകര്‍ന്നു. വൈകുന്നേരങ്ങളില്‍ കുട്ടികള്‍ക്ക് കളിക്കാനായി ഏറെ പ്രതീക്ഷകളുമായി മൈതാനത്തിനുള്ളില്‍ സ്ഥാപിച്ച കുട്ടികള്‍ക്കുള്ള കളിക്കോപ്പുകളാകട്ടെ മുഴുവന്‍ നശിച്ചുപോയി. പണ്ടത്തെ രാജഭരണകാലത്തിന്റെ ശേഷിപ്പായി ഒരു സജിവോത്തമന്‍ വിളക്കുമരം മൈതാനത്തുണ്ടായിരുന്നത് ഇന്ന് ഇത് പായലും മറ്റും പിടിച്ച് നാശത്തിന്റെ വക്കിലെത്തി.
മൈതാനത്തിന്റെ കിഴക്ക് ഭാഗത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്ഥാപിച്ച റേഡിയോ കിയോസ്‌കിന്റെ അരിക് എല്ലാം ഇളകി തുടങ്ങി. മൈതാനത്തിനകത്ത് ഭംഗിക്കുവേണ്ടി വെള്ളം കെട്ടി നിര്‍ത്തുന്ന രണ്ട് സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. ഇവിടെ മഴവെള്ളം കെട്ടി നിന്ന് ഈ സംവിധാനത്തില്‍ മുഴുവന്‍ കൊതുകാണ്. കൂടാതെ പുറത്തു നിന്നും ഉള്ള വഴിപോക്കര്‍ മൈതാനത്തിനകത്ത് മൂത്ര വിസര്‍ജനം നടത്താറുണ്ടെന്നും സമീപത്തെ വ്യാപാരികള്‍ പറയുന്നു
പ്രഖ്യാപനവും, പരിപാലനവും
2022 ജനുവരിയില്‍ പ്രകൃതി സൗഹൃദ നവീകരണം ലക്ഷ്യമിട്ട് മൈതാത്തിന്റെ രൂപരേഖ തയ്യാറാക്കുമെന്ന് അധികൃതര്‍ പറഞ്ഞതാണ് അവസാനത്തെ പ്രഖ്യാപനം. പക്ഷെ നാളിതുവരെ ഒരു നടപടിയും ഉണ്ടായില്ല. 2014-15-ല്‍ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് ടൈല്‍ പാകി നവീകരിച്ചതാണ്. പിന്നീട് സംരക്ഷണ ചുമതലയുള്ള അടൂര്‍ നഗരസഭ കൃത്യമായി സംരക്ഷിച്ചില്ല എന്ന് പരക്കെ ആരോപണമുണ്ട്