കടമ്പനാട്: എല്‍.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ തങ്ങളുടെ വാര്‍ഡിലേക്ക് ഫണ്ട് അനുവദിക്കുന്നില്ലെന്ന് കാട്ടി യു.ഡി.എഫ് അംഗങ്ങള്‍ നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്ന് ഗ്രാമപഞ്ചായത്ത് ഓംബുഡ്സ്മാന്റെ പരാമര്‍ശം. ഫണ്ട് അനുവദിക്കുന്ന കാര്യത്തില്‍ സന്തുലിതാവസ്ഥ പാലിക്കണമെന്നും ഇതിനായി ഗ്രാമസഭകളുടെ നിര്‍ദേശം പരിഗണിക്കണമെന്നും ഓംബുഡ്സ്മാന്‍ ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
യു.ഡി.എഫിലെ അഞ്ചംഗങ്ങളാണ് ഓംബുഡ്സ്മാനെ സമീപിച്ചത്. 2021-22, 22-23 പദ്ധതി കാലയളവുകളില്‍ വളരെ കുറഞ്ഞ തുകയാണ് പദ്ധതി വിഹിതം വകയിരുത്തിയത്. ഇതു സംബന്ധിച്ച പരാതിയില്‍ കഴമ്പുണ്ടെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓംബുഡ്സ്മാന് റിപ്പോര്‍ട്ട് നല്‍കി. പദ്ധതി രൂപീകരണത്തില്‍ ഭരണ സമിതി ഗ്രാമസഭകളുടെ അഭിപ്രായം പരിഗണിച്ചില്ല. 2023-24 ലെ പദ്ധതി വിഹിതം നിശ്ചയിക്കുന്നത് സംബന്ധിച്ച വര്‍ക്കിങ് ഗ്രൂപ്പിന്റെ തീരുമാനത്തിന്റെ മിനുട്സിന്റെ പകര്‍പ്പ് യു.ഡി.എഫ് അംഗങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്ന പരാതി ഓംബുഡ്സ്മാന്റെ സിറ്റിങ്ങില്‍ പഞ്ചായത്തിലെ ജൂനിയര്‍ സൂപ്രണ്ട് ശരിയാണെന്ന് അറിയിച്ചു.
പദ്ധതി രൂപീകരണത്തിന് അന്തിമ രൂപ കല്‍പ്പന നല്‍കുന്നതിന് മുന്‍പ് ഗ്രാമസഭകളുടെ തീരുമാനം കൂടി പരിഗണിക്കണമെന്ന് ഓംബുഡ്സ്മാന്‍ ഉത്തരവിട്ടു. ഏതെങ്കിലും വാര്‍ഡുകളില്‍ ഗ്രാമസഭകളുടെ ശിപാര്‍ശ പരിഗണിക്കാതെ പോയിട്ടുണ്ടെങ്കില്‍ അതിന് മതിയായ കാരണം ബോധിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. പദ്ധതി വിഹിതത്തില്‍ ലഭ്യമായ തുക പങ്കു വയ്ക്കുമ്പോള്‍ പ്രാദേശിക സന്തുലിതാവസ്ഥ കൂടി പരിഗണിക്കണം. പദ്ധതി രൂപീകരണത്തില്‍ തദ്ദേശസ്ഥാപനത്തെ ഒരു യൂണിറ്റായി കണ്ടു കൊണ്ടുള്ള വികസന സമീപനമാണ് സ്വീകരിക്കേണ്ടത്. അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതി നിര്‍വഹണത്തിന് ആവശ്യമായ ഫണ്ട് ഇല്ലെങ്കില്‍ ആനുപാതികമായി എല്ലാ വാര്‍ഡുകളിലും പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കേണ്ടതാണെന്നും ഏതാനും വാര്‍ഡുകളില്‍ മാത്രമായി വെട്ടിക്കുറയ്ക്കരുതെന്നും പഞ്ചായത്ത് സെക്രട്ടറിക്ക് ഓംബുഡ്സ്മാന്‍ നിര്‍ദേശം നല്‍കി. ഈ തീരുമാനങ്ങള്‍ നടപ്പാക്കി പഞ്ചായത്ത് സെക്രട്ടറി റിപ്പോര്‍ട്ട് ഓംബുഡ്സ്മാന് സമര്‍പ്പിക്കണം. മേയ് മൂന്നിന് ചേരുന്ന സിറ്റിങ്ങില്‍ പരാതി വീണ്ടും പരിഗണിക്കും.
കടമ്പനാട്: കഴിഞ്ഞ രണ്ട് വര്‍ഷക്കാലം പഞ്ചായത്ത് ഭരണം അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും കേന്ദ്രമായി മാറിയെന്ന് ഓംബുഡ്സ്മാന്‍ വിധിയിലൂടെ തെളിയിക്കപ്പെട്ട സാഹചര്യത്തില്‍ ഇതിനെല്ലാം നേതൃത്വം നല്‍കിയ പ്രസിഡന്റ് പ്രിയങ്ക പ്രതാപ് രാജി വയ്ക്കണമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഗ്രാമസഭാ തീരുമാനങ്ങള്‍ നടപ്പിലാക്കാതെയും യു.ഡി.എഫ് മെമ്പര്‍മാരുടെ വാര്‍ഡുകളിലേക്ക് ഒരു രൂപയുടെ പോലും ഫണ്ട് അനുവദിക്കാതെയും ഇരിക്കുന്ന പ്രസിഡന്റിന്റെ ധാര്‍ഷ്ട്യത്തിനും സി.പി.എമ്മിന്റെ പിന്‍ സീറ്റ് ഭരണത്തിനും കിട്ടിയ അടിയാണ് ഓംബുഡ്മാന്‍ വിധി എന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് റെജി മാമ്മന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍.സെക്രട്ടറി ബിജിലി ജോസഫ് ,ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം.ആര്‍ ജയപ്രസാദ്, ബ്ലോക്ക് പഞ്ചായത്തംഗം വിമലാ മധു, ഗ്രാമ പഞ്ചായത്തംഗങ്ങളായ ജോസ് തോമസ്, കെ.ജി ശിവദാസന്‍, ടി. പ്രസന്നകുമാര്‍, മാനാപള്ളില്‍ മോഹനന്‍, സാറാമ്മ ചെറിയാന്‍, നേതാക്കളായ ഷിബു ബേബി, ഷാബു ജോണ്‍, സുരേഷ് കുഴുവേലില്‍, വത്സമ്മ രാജു , ശാന്താ പ്രഭ, രാധാ മോള്‍, പ്രസന്ന, രാജലക്ഷ്മി, ഗ്രേസി തമ്പി , ദിലിപ് കടമ്പനാട്, സാബു പാപ്പച്ചന്‍, ജോസ് പി.ജോണ്‍, ജെറിന്‍ ജേക്കബ്, ജിതിന്‍ പി. ജെയിംസ് , സാബു ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.