കടമ്പനാട്:കടമ്പനാട്ട് പുതുതായി ആരംഭിച്ച ബാര്‍ ഹോട്ടല്‍ നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും ഒരു പോലെ തലവേദയാകുന്നുവെന്ന് പരാതി. ബാറിലേക്ക് മദ്യപരുടെ ഒഴുക്ക് തുടങ്ങിയതോടെ വഴിയോരത്ത് അടിയും അസഭ്യ വര്‍ഷവും പതിവാകുന്നു.
ഒരാഴ്ച മുമ്പാണ് ബാറിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ഉദ്ഘാടന ദിവസം എല്ലാവര്‍ക്കും മദ്യം സൗജന്യാമായി നല്‍കി. പിറ്റേന്ന് മുതല്‍ ഇവിടേക്ക് മദ്യപരുടെ ഒഴുക്ക് തുടങ്ങി. മദ്യപിച്ച് ലക്കുകെട്ട് ഇറങ്ങുന്നവര്‍ തമ്മില്‍ ബാറിന്റെ കോമ്പൗണ്ടിലും റോഡിലും വച്ച് അടിപിടിയും ബഹളവുമായി. ഗതാഗതം തടസപ്പെടുത്തുന്ന വിധത്തില്‍ ഇവരുടെ വിളയാട്ടം തുടങ്ങിയതാണ് നാട്ടുകാര്‍ക്ക് അരോചകമായത്.
സമീപവാസികള്‍ ഏനാത്ത് സ്റ്റേഷനില്‍ പരാതിപ്പെട്ടെങ്കിലും ബാറിന് മുന്നിലേക്ക് വന്ന് നടപടിയെടുക്കാന്‍ പൊലീസ് തയാറല്ല. ജനത്തിരക്കേറിയ മേഖലയില്‍ ബാര്‍ സ്ഥാപിക്കുന്നതിനെതിരേ പരിസരവാസികള്‍ പരാതിയുമായി മുന്നോട്ട് പോയിരുന്നു. എന്നാല്‍, മദ്യശാലകള്‍ വാരിക്കോരി കൊടുക്കുന്ന സര്‍ക്കാര്‍ നയം കാരണം യാതൊരു നടപടിയുമുണ്ടായില്ല. ജനവാസ കേന്ദ്രത്തില്‍, തിരക്കേറിയ റോഡിന്റെ ഓരത്ത് മദ്യശാല വന്നാല്‍ ഉണ്ടാകാവുന്ന ഭവിഷത്തുകള്‍ ചൂണ്ടിക്കാട്ടി ജനങ്ങള്‍ നല്‍കിയ പരാതിയിന്മേല്‍ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കാത്തതിന് പിന്നില്‍ ഹിഡണ്‍ അജണ്ടയുണ്ടെന്നാണ് പരാതി.
ഈ വിധമുളള ശല്യം തുടര്‍ന്നാല്‍ ബാറിന് മുന്നില്‍ സമരം ആരംഭിക്കേണ്ടി വരുമെന്ന് നാട്ടുകാര്‍ പറഞ്ഞു. കക്ഷിരാഷ്ട്രീയ ഭേദമന്യേ ഈ വിഷയത്തില്‍ ഒന്നിക്കാന്‍ നാട്ടുകാര്‍ തയാറാണ്. മദ്യപിക്കാനെത്തുന്നവരുടെ അടിപിടിയും തെറിവിളിയും ഒഴിവാക്കാന്‍ ബാര്‍ ഉടമകള്‍ തന്നെ ശ്രമിക്കണം. അല്ലെങ്കില്‍ പൊതുജനശല്യമായ ബാറിനെതിരേ കോടതിയെ സമീപിക്കുമെന്നാണ് പരിസര വാസികള്‍ പറയുന്നത്.