കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് ബുധനാഴ്ച രാവിലെ എട്ടിനും പത്തിനുമിടയില്‍ ഒഡിഷയിലെ ഭദ്രക് ജില്ലയില്‍ കരതൊടുമെന്ന് കാലാവസ്ഥാനിരീക്ഷണവകുപ്പ് അറിയിച്ചു. ‘അതിതീവ്ര ചുഴലിക്കാറ്റ്’ വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്ന ‘യാസ്’ മണിക്കൂറില്‍ 290 കിലോമീറ്റര്‍വരെ വേഗം കൈവരിക്കുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍, ഒഡിഷ, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളുടെ തീരമേഖലകളില്‍നിന്ന് പതിനൊന്നുലക്ഷത്തിലേറെപ്പേരെ ഒഴിപ്പിച്ചു.
പശ്ചിമബംഗാള്‍ ഒമ്പതുലക്ഷം പേരെയും ഒഡിഷ രണ്ടുലക്ഷം പേരെയുമാണ് സുരക്ഷിതസ്ഥാനങ്ങളിലേക്കുമാറ്റിയത്. ആന്ധ്രാപ്രദേശിലെ തീരജില്ലകളായ വിശാഖപട്ടണം, വിജയനഗരം, ശ്രീകാകുളം എന്നവിടങ്ങളില്‍ അതിജാഗ്രത പുലര്‍ത്താന്‍ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി കളക്ടര്‍മാരോട് നിര്‍ദേശിച്ചു.
കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴ പ്രതീക്ഷിക്കുന്ന ഒമ്പത് ജില്ലകളില്‍ മഞ്ഞജാഗ്രത നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട് ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്.