കടമ്പനാട് : മുമ്പിലിരിക്കുന്ന വെള്ളപ്പാത്രത്തില്‍ ആവിപറക്കുന്ന നല്ല ചൂടുചോറ്. ഇത് പാത്രത്തില്‍ വീഴുമ്പോഴേ നാവില്‍ വെള്ളമൂറിത്തുടങ്ങും. പിന്നാലെ അതാ വരുന്നു, സാമ്പാറും തോരനും അച്ചാറും. പിന്നെ ഒന്നും നോക്കാതെ ഒരുപിടി അങ്ങ് പിടിക്കും. 20 രൂപയ്ക്ക് കിട്ടുന്ന ഈ ഭക്ഷണമൊക്കെ പോരേ മച്ചാനേ വയറുനിറയാന്‍… എന്ന് ഭക്ഷണം കഴിച്ചിറങ്ങുന്നവര്‍ പറഞ്ഞാല്‍ ഒട്ടും അദ്ഭുതമില്ല.
ഈ രുചിക്കൂട്ടിന്റെ കലവറ കടമ്പനാട് ഗ്രാമപ്പഞ്ചായത്തിലെ കുടുംബശ്രീക്കാര്‍ മണ്ണടി താഴത്തു നടത്തുന്ന ജനകീയ ഭക്ഷണശാലയുടേതാണ്. നാലുമാസംമുന്‍പ് ആരംഭിച്ച ഭക്ഷണശാലയില്‍ ഇന്ന് ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ നിരവധിയാണ്. ഉച്ചയ്ക്കുമാത്രം നൂറിനടുപ്പിച്ച് പേര്‍ ഭക്ഷണം കഴിക്കാന്‍ എത്തും.
ഉച്ചഭക്ഷണംകൂടാതെ പ്രഭാതഭക്ഷണവും വൈകീട്ട് പൊറോട്ടയുള്‍പ്പെടെയുള്ള ഭക്ഷണവും ലഭിക്കും. പൊറോട്ടയ്ക്ക് ബീഫ് കറിയും ലഭിക്കും. രാവിലെയും വൈകീട്ടുമായി അന്‍പതോളം ആളുകളും ഇവിടെയെത്താറുണ്ട്. ഉച്ചഭക്ഷണം മാത്രമാണ് 20 രൂപയ്ക്ക് ലഭിക്കുന്നത്. ഉച്ചയ്ക്ക് സ്‌പെഷ്യല്‍ വിഭവങ്ങളായ പൊരിച്ച മീനുകളുടെ വ്യത്യസ്തയിനങ്ങളും ലഭിക്കുമിവിടെ. കുടുംബശ്രീ അംഗങ്ങളായ ഗ്രീഷ്മ, റെജി, ലംല എന്നീ വനിതകളാണ് ജനകീയഹോട്ടലിന്റെ നടത്തിപ്പുചുമതല വഹിക്കുന്നതെന്ന് കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ അജു ഡാനിയേല്‍ പറഞ്ഞു.