അടൂര്‍: നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്ക് തോട്ടില്‍ വീണ് പൂര്‍ണമായി കത്തി നശിച്ചു. വാഹനം ഓടിച്ചിരുന്ന കോളജ് വിദ്യാര്‍ഥി വീഴ്ചയുടെ ആഘാതത്തില്‍ പരുക്കുകളോടെ ചികില്‍സയിലാണ്.
ഏഴംകുളം-ഏനാത്ത് റോഡില്‍ കരിങ്ങാട്ടിപ്പടി പാലത്തിന് സമീപം വെള്ളി വൈകിട്ട് നാലു മണിയോട് കൂടിയാണ് സംഭവം. കൊടുമണ്‍ ഇടത്തിട്ട മണ്ണില്‍ വടക്കേതില്‍ വീട്ടില്‍ പ്രഫുല്ല ചന്ദ്രന്‍ (20) ഓടിച്ച ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. കരിങ്ങാട്ടിപ്പടി പാലത്തിന് സമീപം വളവില്‍ നിയന്ത്രണം നഷ്ടമായ ബൈക്ക് തോട്ടിലേക്ക് മറിയുകയായിരുന്നുവെന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു.
കെ.വി.വി.എസ്. കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ പ്രഫുല്ല ചന്ദ്രന്‍ ക്ലാസ് കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. അടൂരില്‍ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. ബൈക്ക് പൂര്‍ണ്ണമായും കത്തി നശിച്ചു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ പ്രഫുലിനെ ആദ്യം അടൂരുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.