അടൂര്‍: കേരള പോലീസിന്റെ ചരിത്ര താളുകളില്‍ രേഖപ്പെടുത്തിയ പേരാണ് പത്തനംതിട്ട വള്ളിക്കോട് കുന്നത്ത്ശ്ശേരില്‍ പി.ശ്രീനിവാസ് ഐപിഎസ് എന്ന മഹത് വ്യക്തിയുടേത്. നിയമത്തിനും സമൂഹത്തിനും കാവലാളായിരുന്ന അദ്ദേഹം തന്റെ വിശ്രമ ജീവിതം അവഗണിക്കപ്പെടുന്ന സമൂഹത്തിനായ് നീക്കി വച്ച് മാതൃകയായി. നക്‌സല്‍ വേട്ടയിലും കുറ്റാന്വേഷത്തിലൂടെയും ശ്രദ്ധേയമായ അദ്ദേഹം മികച്ച സര്‍വ്വീസിലൂടെ ഐപിഎസ് നേടി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആയിരിക്കെയാണ് വിരമിച്ചത്. തുടര്‍ന്ന് മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി നില കൊണ്ടു. 2015-ല്‍ അടൂര്‍ മഹാത്മ ജനസേവന കേന്ദ്രം രക്ഷാധികാരിയായി ചുമതലയേറ്റു.
ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം മഹാത്മയിലെ അന്തേവാസികളെ കാണുവാന്‍ എത്തുമായിരുന്നു. തന്റെ പെന്‍ഷനില്‍ നിന്നും ഒരു വിഹിതം മഹാത്മയിലെ അന്തേവാസികളുടെ ആഹാരത്തിനും ഉന്നമനത്തിനുമായി നല്‍കിയിരുന്നു. വാര്‍ദ്ധക്യസഹചമായ കാരണങ്ങളാല്‍ കഴിഞ്ഞ ദിവസം മരണപ്പെട്ട അദ്ദേഹത്തിന്റെ നഷ്ടം കാരുണ്യപ്രവര്‍ത്തന മേഖലയില്‍ നികത്താനാവുന്നതല്ലെന്ന് മഹാത്മ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല പറഞ്ഞു. മഹാത്മ ജനസേവനകേന്ദ്രം സ്ഥാപനങ്ങളില്‍ ഏഴ് ദിവസം ദുഖാചരണം ആയിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.