ന്യൂഡല്‍ഹി: കോവിഡ് വ്യാപനം മൂലം വാഹന വിപണി കൂപ്പുകുത്തുമെന്ന് കരുതിയവര്‍ക്ക് തെറ്റി. രാജ്യത്ത് വാഹന വില്‍പനയ്ക്ക് ഒരു കുറവുമില്ല. ലോക്ഡൗണ്‍ കര്‍ശനമായി പാലിക്കപ്പെട്ട സമയങ്ങളില്‍ ഒഴിച്ചാല്‍ വിപണിയില്‍ കുതിപ്പ് തന്നെയാണ്. പുതുതായി പുറത്തിറങ്ങിയ മഹീന്ദ്ര താര്‍ വരെ വാഹന വിപണയില്‍ ചലനവുമായി മുന്നേറ്റം തുടരുന്നു. ഭൂരിഭാഗം വാഹനനിര്‍മാതാക്കള്‍ക്കും സെപ്റ്റംബര്‍ മാസത്തിലെ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധനയാണുള്ളത്.
വില്പനയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ പിന്നോട്ടുപോയ ചുരുക്കം ചില കമ്ബനികള്‍ക്കാകട്ടെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളെ അപേക്ഷിച്ച് സെപ്റ്റംബറില്‍ കൂടുതല്‍ വില്‍ക്കാനായി. നവരാത്രിയും ദീപാവലിയുമടക്കമുള്ള ഉത്സവകാലം വരാനിരിക്കുന്ന സാഹചര്യത്തില്‍ വില്പന ഇനിയും മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണു കമ്പനികള്‍.
രാജ്യത്തെ ഏറ്റവും വലിയ വാഹനനിര്‍മാതാക്കളായ മാരുതി സുസുക്കിക്ക് സെപ്റ്റംബറിലെ ആഭ്യന്തര വില്പനയില്‍ 32 ശതമാനം വര്‍ധനയാണു രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഇതേ മാസം 1,15,452 യൂണിറ്റുകള്‍ വിറ്റ സ്ഥാനത്ത് ഇക്കുറി 1,52,608 വാഹനങ്ങള്‍ വില്ക്കാനായി. കമ്പനിയുടെ കയറ്റുമതിയുള്‍പ്പെടെയുള്ള മൊത്ത വില്പനയിലെ വര്‍ധന 31 ശതമാനമാണ്.കഴിഞ്ഞവര്‍ഷത്തേക്കാള്‍ 24 ശതമാനം ആഭ്യന്തരവില്‍പന വര്‍ധനയാണു ഹ്യുണ്ടായിക്കുള്ളത്. 50,313 യൂണിറ്റുകള്‍ വില്ക്കാനായി. അതേസമയം കമ്പനിയുടെ കയറ്റുമതി 44 ശതമാനം താണ് 9600 യൂണിറ്റുകളായി. മൊത്ത വില്പന;59913 യൂണിറ്റുകള്‍.