കോഴിക്കോട്: കോഴിക്കോട് നോര്‍ത്ത് എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള യുകെഎസ് റോഡിലെ വണ്ടര്‍ ക്ലീനിങ് സ്ഥാപനത്തില്‍ മോഷണം. മേല്‍ക്കൂരയിലെ ടിന്‍ഷീറ്റ് കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് ഡ്രൈ ക്ലീന്‍ ചെയ്ത വസ്ത്രങ്ങള്‍ എടുത്തുകൊണ്ടുപോയി. വ്യാഴാഴ്ച രാത്രിയാണ് സംഭവം. പൂര്‍ണ നഗ്നനായെത്തിയാണ് മോഷണം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. തോളില്‍ ബാഗുമായെത്തിയ മോഷ്ടാവ് ഏറെ നേരം പരതിയെങ്കിലും ഒന്നും കിട്ടാത്തതിനെ തുടര്‍ന്നാണ് ഡ്രൈ ക്ലീന്‍ ചെയ്ത വസ്ത്രങ്ങളുമെടുത്ത് മുങ്ങിയത്. നടക്കാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. …